/sathyam/media/media_files/2024/10/17/s9rkSFLYc1UI1Gm5oLHe.jpg)
ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തകര്‍ച്ച അഭിമുഖീകരിച്ച ഇന്ത്യയ്ക്ക് പിന്നാലെ അടുത്ത തിരിച്ചടിയായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന് പരിക്കേറ്റിരുന്നു. വിക്കറ്റ് കീപ്പിംഗിനിടെ ബോള്‍ കാല്‍മുട്ടില്‍ കൊണ്ടാണ് പരിക്കേറ്റത്.
ആദ്യ ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡ് ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവം. രവീന്ദ്ര ജഡേജ എറിഞ്ഞ 37-ാം ഓവറിലാണ് താരത്തിന് പരിക്കേറ്റത്. തുടര്‍ന്ന് ഫിസിയോയുടെ സഹായത്തോടെ മുടന്തിയാണ് താരം ഗ്രൗണ്ട് വിട്ടത്. പിന്നാലെ ധ്രുവ് ജൂറല്‍ പകരം വിക്കറ്റ് കീപ്പറായി.
പന്തിന്റെ പരിക്കിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പങ്കുവച്ചു. പന്തിന്റെ കാല്‍മുട്ടിന് വീക്കമുണ്ടെന്ന് രോഹിത് പറഞ്ഞു. വാഹനാപകടത്തില്‍ പരിക്കേറ്റപ്പോള്‍ ഋഷഭ് പന്ത് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അന്ന് ശസ്ത്രക്രിയ നടത്തിയ അതേ കാല്‍മുട്ടിലാണ് പന്തിന് പരിക്കേറ്റതെന്നാണ് രോഹിതിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
തങ്ങള്‍ റിസ്‌ക് എടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും രോഹിത് വ്യക്തമാക്കി. എന്നാല്‍ ഈ മത്സരത്തില്‍ പന്ത് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുള്ള രോഹിതിന്റെ വാക്കുകള്‍ ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നതുമാണ്.