കെ.സി.എൽ സീസൺ-2 വിലെ ആദ്യ അർധ സെഞ്ച്വറി രോഹൻ കുന്നുമ്മലിന്

New Update
rohan  kunnummal
തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കെ.സി.എൽ (കേരള ക്രിക്കറ്റ് ലീഗ്) രണ്ടാം സീസണിന് ആവേശകരമായ തുടക്കം കുറിച്ച് കാലിക്കറ്റിന്റെ ക്യാപ്റ്റൻ രോഹൻ കുന്നുമല്ലിന്റെ വെടിക്കെട്ട് അർധ സെഞ്ച്വറി.  22 പന്തുകളിൽ നിന്ന് 54 റൺസാണ് വാരിക്കൂട്ടിയത്. ഈ തകർപ്പൻ ഇന്നിംഗ്‌സിൽ ആറ് കൂറ്റൻ സിക്സറുകളും മൂന്ന് കിടിലൻ ഫോറുകളും ഉൾപ്പെടുന്നു.

48 റൺസിൽ നിൽക്കെ സിക്സർ പറത്തിയാണ് രോഹൻ  അർധസെഞ്ച്വറി ആഘോഷമാക്കിയത്. ഓപ്പണറായി ക്രീസിലെത്തിയ രോഹൻ കുന്നുമ്മൽ തുടക്കം മുതൽക്കേ ആക്രമിച്ചു കളിക്കാനാണ് ശ്രമിച്ചത്. മറുവശത്ത്  സച്ചിൻ സുരേഷ് (13 പന്തിൽ 10 റൺസ്), അഖിൽ സ്കറിയ (12 പന്തിൽ 7 റൺസ്) എന്നിവരുടെ വിക്കറ്റുകൾ നഷ്ടപ്പെട്ടപ്പോഴും, രക്ഷകന്റെ റോളിൽ രോഹൻ കുന്നുമ്മൽ ക്രീസിൽ ഉറച്ചുനിന്നു.

ഏരീസ് കൊല്ലം സെയിലേഴ്സിന്റെ ബൗളിംഗ് നിരയ്ക്ക് ഒരു തരത്തിലുള്ള അവസരവും നൽകാതെയായിരുന്നു രോഹൻ കുന്നുമ്മലിന്റെ തകർപ്പൻ പ്രകടനം. കൊല്ലം സെയിലേഴ്സിന്റെ  ബൗളർമാരായ ഏദൻ ആപ്പിൾ ടോമിനെയും അമൽ ഇ.ജെയെയും നിർദാക്ഷിണ്യം പ്രഹരിച്ചു കൊണ്ടായിരുന്നു രോഹൻ ക്രീസിൽ നിറഞ്ഞാടിയത്. ടീം സ്കോർ 76-ൽ എത്തിനിൽക്കെയാണ് രോഹന്റെ മടക്കം. മത്സരത്തിൽ കൊല്ലം സെയ്ലേഴ്സ് ആവേശം നിറഞ്ഞ അവസാന ഓവറിൽ ഒരു വിക്കറ്റിന് കാലിക്കറ്റിനെ പരാജയപ്പെടുത്തി.

ആദ്യ സീസണിലും കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനായി മികച്ച പ്രകടനം കാഴ്ചവെച്ച താരമായിരുന്നു രോഹൻ കുന്നുമ്മൽ. 11 മത്സരങ്ങളിൽ നിന്ന് 371 റൺസാണ് ആദ്യ സീസണിൽരോഹൻ നേടിയത്.
Advertisment