/sathyam/media/media_files/CkXmAqV4JfNuDTC93K9K.jpg)
മുംബൈ : വിരാട് കോലിയ്ക്ക് സച്ചിൻ ടെണ്ടുൽക്കറുടെ അഭിനന്ദനങ്ങൾ. 49 ഏകദിന സെഞ്ച്വറികൾ നേടി സച്ചിന്റെ റെക്കോർഡിനൊപ്പം എത്തിയതിനാണ് കോലിയെ അഭിനന്ദിച്ചത്. സമൂഹമാദ്ധ്യമങ്ങളിൽ കോലി ബാറ്റ് ഉയർത്തി നിൽക്കുന്ന ചിത്രവും പങ്കുവെച്ചു കൊണ്ടാണ് സച്ചിൻ അഭിനന്ദനങ്ങൾ അറിയിച്ചത്.
എത്രയും പെട്ടെന്ന് തന്നെ കോലിക്ക് 50 ലേക്ക് എത്താനും തന്റെ റെക്കോർഡ് മറികടക്കാനും കഴിയട്ടെ എന്നും സച്ചിൻ ആശംസിച്ചു. “വിരാട് നന്നായി കളിച്ചു. 49-ല്‍ നിന്ന് 50 ലെത്തി അടുത്ത ദിവസങ്ങളില്‍ എന്റെ റെക്കോഡ് മറികടക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങള്‍.” എന്നും സച്ചിൻ കുറിച്ചു.
ഇന്ത്യയിൽ നടക്കുന്ന 2023 ഏകദിന ലോകകപ്പിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ സെഞ്ച്വറി നേടിയതോടെയാണ് കോലി 49-ആം സെഞ്ച്വറി തികച്ചത്. ഇതോടെ സച്ചിൻ ടെണ്ടുൽക്കറുടെ 49 ഏകദിന സെഞ്ച്വറി എന്ന റെക്കോർഡിനൊപ്പം എത്തുകയായിരുന്നു കോലി.