ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറിനെ ഈ വർഷത്തെ ഏകദിന ലോകകപ്പിന്റെ ആഗോള അംബാസഡറായി തിരഞ്ഞെടുത്ത് ഐസിസി. ഇന്നലെയാണ് ഐസിസി ഈ പ്രഖ്യാപനം നടത്തിയത്. ഏകദിനത്തിലെ ഏറ്റവും വലിയ റൺസ് സ്‌കോററും, എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളുമായ സച്ചിന്റെ പ്രതിഭയ്ക്കുള്ള അംഗീകാരമായാണ് ആരാധകർ ഇതിനെ നോക്കി കാണുന്നത്. വിശേഷിച്ച് ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിന് സച്ചിനെ കൂടി പങ്കാളിയാക്കുന്ന ഐസിസി നടപടിയ്ക്ക് ആരാധകർ കൈയ്യടിക്കുന്നു.
ഈ വർഷത്തെ ലോകകപ്പ് ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി സംസാരിച്ച സച്ചിൻ ടെണ്ടുൽക്കർ 2011 ടൂർണമെന്റിൽ വിജയിക്കുക എന്നത് തന്റെ സ്വപ്‌ന സാക്ഷാത്കാരമാണെന്ന് പറഞ്ഞു. "1987ൽ ഒരു ബോൾ ബോയ് ആയത് മുതൽ ആറ് എഡിഷനുകളിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് വരെ, ലോകകപ്പുകൾക്ക് എപ്പോഴും എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. 2011ലെ ലോകകപ്പ് നേടിയത് എന്റെ ക്രിക്കറ്റ് യാത്രയിലെ അഭിമാന നിമിഷമാണ്" സച്ചിൻ പറഞ്ഞു.
ഏകദിന ലോകകപ്പുകളിൽ ഏറ്റവും വലിയ റൺ വേട്ടക്കാരൻ എന്ന സച്ചിന്റെ റെക്കോർഡ് ഇപ്പോഴും ഭദ്രമാണ്, ഒന്ന് കൂടി വ്യക്തമാക്കിയാൽ അതിന് അടുത്ത് പോലും മറ്റാർക്കും എത്താനായിട്ടില്ല എന്നതാണ് വാസ്‌തവം.
വെസ്‌റ്റ് ഇൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സ്, ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ്, ഇംഗ്ലണ്ടിന്റെ ലോകകപ്പ് ജേതാവ് ഇയോൻ മോർഗൻ, ഓസ്‌ട്രേലിയയുടെ ആരോൺ ഫിഞ്ച്, ശ്രീലങ്കൻ സ്‌പിന്നർ മുത്തയ്യ മുരളീധരൻ, ന്യൂസിലൻഡിന്റെ റോസ് ടെയ്‌ലർ, ഇന്ത്യയുടെ സുരേഷ് റെയ്‌ന, മുൻ ക്യാപ്റ്റൻ മിതാലി രാജ്, പാകിസ്ഥാൻ ഓൾറൗണ്ടർ മുഹമ്മദ് ഹഫീസ് എന്നിങ്ങനെ വൻ താരനിരയാണ് അംബാസിഡർമാരായി ഇക്കുറി ലോകകപ്പിനുള്ളത്.