അനായാസം അര്‍ധ ശതകം നേടാം, എന്നിട്ടും സഞ്ജു ശ്രമിച്ചത് ബൗണ്ടറിക്ക് വേണ്ടി; മലയാളി താരത്തിന് കൈയ്യടികളുമായി ഇന്ത്യയുടെ സഹപരിശീലകന്‍; മൂന്നാം മത്സരത്തിലും കളിച്ചേക്കും

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും  മലയാളി താരം സഞ്ജു സാംസണ്‍ കളിച്ചേക്കും

New Update
sanju samson ind vs zim

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും  മലയാളി താരം സഞ്ജു സാംസണ്‍ കളിച്ചേക്കും. ആദ്യ മത്സരത്തില്‍ 19 പന്തില്‍ 29, രണ്ടാമത്തേതില്‍ ഏഴ് പന്തില്‍ 10 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോര്‍.

Advertisment

മികച്ച പ്രകടനം പുറത്തെടുക്കാത്ത സാഹചര്യത്തിലും, ഇന്ത്യ ഇതിനകം പരമ്പര നേടിയതിനാല്‍ തീര്‍ത്തും അപ്രസക്തമായ മൂന്നാം മത്സരത്തില്‍ അവസരം ലഭിക്കാത്ത താരങ്ങള്‍ കളിക്കാന്‍ സാധ്യതയേറിയതിനാലും സഞ്ജു നാളെ നടക്കുന്ന മത്സരത്തില്‍ കളിച്ചേക്കില്ലെന്നായിരുന്നു അഭ്യൂഹം.

എന്നാല്‍ താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ സഹപരിശീലകന്‍ റയാന്‍ ടെന്‍ ഡോഷെറ്റ്. ആദ്യ മത്സരത്തില്‍ സഞ്ജുവിന് അനായാസം അര്‍ധ സെഞ്ചുറി നേടാനാകുമായിരുന്നെന്നും, എന്നാല്‍ തുടരെ തുടരെ ബൗണ്ടറി കണ്ടെത്താനായിരുന്നു താരത്തിന്റെ ശ്രമമെന്നും റയാന്‍ പറഞ്ഞു. ടീം മാനേജ്‌മെന്റ് സഞ്ജുവിനോട് ബൗണ്ടറികളില്‍ ശ്രദ്ധിക്കാന്‍ ആവശ്യപ്പെട്ടിരുന്നെന്നും റയാന്‍ വെളിപ്പെടുത്തി.

“ആദ്യ രണ്ട് മത്സരങ്ങള്‍ നിങ്ങള്‍ നോക്കൂ. ഗ്വാളിയോറില്‍ സഞ്ജുവിന് മികച്ച തുടക്കം ലഭിച്ചു. സാവധാനം ബാറ്റ് ചെയ്തിരുന്നെങ്കില്‍ അനായാസം അര്‍ധ സെഞ്ചുറി നേടാനാകുമായിരുന്നു. എന്നാല്‍ ബൗണ്ടറിക്ക് വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ശ്രമം, ” മൂന്നാം ടി 20 ഐക്ക് മുന്നോടിയായുള്ള മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ റയാന്‍ പറഞ്ഞു. 

മൂന്നാം മത്സരത്തിലും സഞ്ജുവിന് അവസരം നല്‍കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഞങ്ങൾക്ക് കഴിയുന്നത്ര താരങ്ങളെമത്സരത്തിലേക്ക് കൊണ്ടുവരാനാണ് ശ്രമം. സഞ്ജുവിന് മറ്റൊരു അവസരം നൽകാൻ ആഗ്രഹിക്കുന്നു. ഓപ്ഷനുകൾ ഉണ്ട്. തീർച്ചയായും പരമ്പര വിജയിക്കുക എന്നതായിരുന്നു പദ്ധതി. അവസാന മത്സരങ്ങളില്‍ പുതുമുഖങ്ങളെയും പരീക്ഷിക്കണം.," അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment