വിനു മങ്കാദ് ട്രോഫിയിൽ കേരളത്തെ തോല്പിച്ച് സൗരാഷ്ട്ര

New Update
kca
പുതുച്ചേരി: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിനു മങ്കാദ് ട്രോഫിയിലെ രണ്ടാം മല്സരത്തിലും കേരളത്തിന് തോൽവി.  51 റൺസിനായിരുന്നു സൗരാഷ്ട്രയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 47.2 ഓവറിൽ 204 റൺസിന് പുറത്തായി.  മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൌരാഷ്ട്ര 33 ഓവറിൽ രണ്ട് വിക്കറ്റിന് 156 റൺസെടുത്ത് നില്ക്കെ മഴയെ തുടർന്ന് കളി തടസ്സപ്പെട്ടു. തുടർന്ന് വിജെഡി നിയമപ്രകാരം സൗരാഷ്ട്രയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം മികച്ചൊരു തുടക്കത്തിന് ശേഷം തകർന്നടിയുകയായിരുന്നു. സംഗീത് സാഗറും ജോബിൻ ജോബിയും ചേർന്ന ഓപ്പണിങ് കൂട്ടുകെട്ടിൽ 50 റൺസ് പിറന്നു. സംഗീത് 27 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ കെ ആർ രോഹിതും ജോബിനും ചേർന്ന് രണ്ടാം വിക്കറ്റിൽ 94 റൺസ് കൂട്ടിച്ചേർത്തു.
Advertisment
ഇരുവരും പുറത്തായതോടെയാണ് കേരളത്തിൻ്റെ ബാറ്റിങ് തകർച്ചയ്ക്ക് തുടക്കമായത്. ജോബിൻ 67ഉം രോഹിത് 48ഉം റൺസെടുത്തു. ഒരു ഘട്ടത്തിൽ മൂന്ന് വിക്കറ്റിന് 155 റൺസെന്ന നിലയിലായിരുന്നു കേരളം. എന്നാൽ 49 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകളെല്ലാം നഷ്ടമായി.  34 റൺസെടുത്ത ക്യാപ്റ്റൻ മാനവ് കൃഷ്ണ മാത്രമാണ് ഒരറ്റത്ത് പിടിച്ചു നിന്നത്.
 സൗരാഷ്ട്രയ്ക്ക് വേണ്ടി ആര്യൻ സവ്സാനി മൂന്നും ധാർമ്മിക് ജസാനിയും പുഷ്പരാജ് ജഡേജയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്രയ്ക്ക് ഓപ്പണർ മയൂർ റാഥോഡിൻ്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ വൻഷ് ആചാര്യയും പുഷ്പരാജ് ജഡേജയും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് മല്സരം സൗരാഷ്ട്രയ്ക്ക് അനുകൂലമാക്കി.
വൻഷ് 84 റൺസുമായി പുറത്താകാതെ നിന്നപ്പോൾ പുഷ്പരാജ് 52 റൺസെടുത്തു. മഴ കളി മുടക്കിയപ്പോൾ  വിജെഡി നിയമപ്രകാരം സൗരാഷ്ട്രയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. കേരളത്തിന് വേണ്ടി എം മിഥുനും മൊഹമ്മദ് ഇനാനും  ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Advertisment