/sathyam/media/media_files/2025/11/10/whatsapp-image-2025-11-10-18-11-39.jpeg)
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ തിരിച്ചടിച്ച് സൌരാഷ്ട്ര. ആദ്യ ഇന്നിങ്സിൽ 73 റൺസിൻ്റെ ലീഡ് വഴങ്ങിയ സൌരാഷ്ട്ര രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റിന് 351 റൺസെന്ന നിലയിലാണ്. ഒരു ദിവസത്തെ കളി കൂടി ബാക്കിയിരിക്കെ സൌരാഷ്ട്രയ്ക്ക് ഇപ്പോൾ 278 റൺസിൻ്റെ ലീഡൂണ്ട്. ചിരാഗ് ജാനിയുടെ ഉജ്ജ്വല സെഞ്ച്വറിയാണ് സൌരാഷ്ട്രയുടെ ഇന്നിങ്സിന് കരുത്ത് പകർന്നത്.
ആദ്യ ഇന്നിങ്സിൽ തകർന്നടിഞ്ഞ സൌരാഷ്ട്രയുടെ ബാറ്റിങ് നിര ഫോം വീണ്ടെടുത്തതായിരുന്നു മൂന്നാം ദിവസത്തെ ശ്രദ്ധേയമാക്കിയത്. കളി തുടങ്ങി രണ്ടാം ഓവറിൽ തന്നെ ജയ് ഗോഹിലിൻ്റെയും വൈകാതെ ഗജ്ജർ സമ്മറിൻ്റെയും വിക്കറ്റുകൾ നഷ്ടമായെങ്കിലും സൌരാഷ്ട്ര ശക്തമായി തിരിച്ചു വന്നു. 24 റൺസെടുത്ത ജയ് ഗോഹിൽ നിധീഷിൻ്റെ പന്തിൽ എൽബി ഡബ്ല്യു ആയപ്പോൾ 31 റൺസെടുത്ത ഗജ്ജറിനെ ബേസിൽ എൻ പി ക്ലീൻ ബൌൾഡാക്കുകയായിരുന്നു.
എന്നാൽ അർപ്പിത് വസവദയും ചിരാഗ് ജാനിയും ചേർന്ന കൂട്ടുകെട്ട് സൌരാഷ്ട്രയ്ക്ക് കരുത്തായി. കരുതലോടെ ബാറ്റ് ചെയ്ത ഇരുവരും ചേർന്ന് വിക്കറ്റുകൾ നഷ്ടപ്പെടുത്താതെ ദിവസത്തിൻ്റെ ആദ്യ പകുതി പൂർത്തിയാക്കി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റിന് 159 റൺസെന്ന നിലയിലായിരുന്നു സൌരാഷ്ട്ര. നിലയുറപ്പിച്ചതോടെ ഇരുവരും ചേർന്ന് അനായാസം ഇന്നിങ്സ് മുന്നോട്ടു നീക്കി. അർപ്പിത് അർദ്ധ സെഞ്ച്വറിയും ചിരാഗ് സെഞ്ച്വറിയും പൂർത്തിയാക്കി. ഇരുവരും ചേർന്ന് 174 റൺസാണ് കൂട്ടിച്ചേർത്ത്. 74 റൺസെടുത്ത അർപ്പിതിനെ പുറത്താക്കി ബാബ അപരാജിത്താണ് കൂട്ടുകെട്ടിന് അവസാനമിട്ടത്.
തുടർന്ന് ചിരാഗിന് കൂട്ടായി പ്രേരക് മങ്കാദ് എത്തിയതോടെ സൌരാഷ്ട്രയുടെ സ്കോറിങ് വേഗത്തിലായി. ഇരുവരും ചേർന്ന് 17 ഓവറിൽ 105 റൺസ് കൂട്ടിച്ചേർത്തു. 152 റൺസെടുത്ത ചിരാഗ് ജാനിയെ ബേസിൽ പന്തിൽ ക്ലീൻ ബൌൾഡാക്കുകയായിരുന്നു. 14 ബൌണ്ടറിയും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു ചിരാഗിൻ്റെ ഇന്നിങ്സ്. കളി നിർത്തുമ്പോൾ 52 റൺസോടെ പ്രേരക് മങ്കാദും ഒരു റണ്ണോടെ അൻഷ് ഗോസായിയുമാണ് ക്രീസിൽ. കേരളത്തിന് വേണ്ടി നിധീഷും ബേസിലും രണ്ട് വിക്കറ്റ് വീതവും അപരാജിത് ഒരു വിക്കറ്റും വീഴ്ത്തി.
സ്കോർ - സൌരാഷ്ട്ര ആദ്യ ഇന്നിങ്സ് 160, രണ്ടാം ഇന്നിങ്സ് അഞ്ച് വിക്കറ്റിന് 351
കേരളം ആദ്യ ഇന്നിങ്സ് 233
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us