കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിനെതിരെ സൗരാഷ്ട്രയ്ക്ക് 272 റൺസ് ലീഡ്

New Update
kuch bhe
വയനാട്: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ സൗരാഷ്ട്രയ്ക്കെതിരെ 272 റൺസിൻ്റെ ലീഡ് വഴങ്ങി കേരളം. സൗരാഷ്ട്രയുടെ ആദ്യ ഇന്നിങ്സ് 382 റൺസിന് അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ കേരളം കളി നി‍ർത്തുമ്പോൾ രണ്ട് വിക്കറ്റിന് 23 റൺസെന്ന നിലയിലാണ്. എട്ട് വിക്കറ്റുകൾ ശേഷിക്കെ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ കേരളത്തിന് 249 റൺസ് കൂടി വേണം. കേരളം ആദ്യ ഇന്നിങ്സിൽ 110 റൺസായിരുന്നു നേടിയത്.

രണ്ട് വിക്കറ്റിന് 63 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ സൗരാഷ്ട്രയ്ക്ക്  രുദ്ര ലഖാന, ജയ് റവല്യ, മോഹിത് ഉൾവ എന്നിവരുടെ ഇന്നിങ്സുകളാണ് കരുത്ത് പകർന്നത്. ജയ് റവല്യയും പുഷ്കർ കുമാറും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 84 റൺസ് പിറന്നു. ജയ് റവല്യ 59ഉം പുഷ്കർ കുമാർ 42ഉം റൺസ് നേടി. ഇരുവരും അടുത്തടുത്ത ഓവറുകളിൽ പുറത്തായത് കേരളത്തിന് പ്രതീക്ഷ നല്കി. എന്നാൽ തുടർന്നെത്തിയ രുദ്ര ലഖാന ഒരറ്റത്ത് ഉറച്ച് നിന്നു.

കഴിഞ്ഞ ദിവസം പരിക്കേറ്റ് റിട്ടയേഡ് ഹർട്ടായി മടങ്ങിയ രുദ്ര തിരിച്ചു വന്ന് ഉജ്ജ്വല ഇന്നിങ്സാണ് കാഴ്ച വച്ചത്. പുഷ്പരാജ് ജഡേജയ്ക്കൊപ്പം 52 റൺസും ക്യാപ്റ്റൻ മോഹിത് ഉൾവയ്ക്കൊപ്പം 120 റൺസും കൂട്ടിച്ചേർത്തു. 111 റൺസെടുത്ത രുദ്ര ലഖാന ഒടുവിൽ അഭിനവിൻ്റെ പന്തിൽ ക്ലീൻ ബൗൾഡാവുകയായിരുന്നു. മോഹിത് ഉൾവ 72 റൺസെടുത്തു. കേരളത്തിന് വേണ്ടി തോമസ് മാത്യു നാലും അഭിനവ് കെ വി മൂന്നും വിക്കറ്റുകൾ വീഴ്ത്തി.

തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് രണ്ടാം ഇന്നിങ്സിലും മോശം തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ ജോയ്ഫിൻ മൂന്നും സംഗീത് സാഗർ നാലും റൺസെടുത്ത് മടങ്ങി. ഹിത് ബബേരിയ ആണ് ഇരുവരെയും പുറത്താക്കിയത്. കളി നിർത്തുമ്പോൾ ആറ് റൺസോടെ മാധവ് കൃഷ്ണയും ഒൻപത് റൺസോടെ തോമസ് മാത്യുവുമാണ് ക്രീസിൽ.
Advertisment
Advertisment