രണ്ടാമത് അദാനി റോയല്‍സ് കപ്പ്  സ്ട്രൈക്കേഴ്സ് പള്ളിത്തെരുവിന്

New Update
WhatsApp Image 2026-01-11 at 2.30.17 PM

തിരുവനന്തപുരം: അദാനി ട്രിവാന്‍ഡ്രം റോയല്‍സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രണ്ടാമത് അദാനി റോയല്‍സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സ്ട്രൈക്കേഴസ് പള്ളിത്തെരുവ്  ജേതാക്കളായി. കോവളം വാഴമുട്ടം സ്പോർട്സ് ഹബ്ബിൽ നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ എം.സി.സി പള്ളിത്തെരുവിനെ 10 വിക്കറ്റിന് തകർത്താണ് സ്ട്രൈക്കേഴ്സ് കിരീടം ചൂടിയത്. സ്ട്രൈക്കേഴ്സ് പള്ളിത്തെരുവിന്‍റെ  ഓപ്പണർ സനോഫറിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ടീമിന് അനായാസ വിജയം സമ്മാനിച്ചത്.

Advertisment

ഫൈനലിൽ വെറും 20 പന്തിൽ നിന്ന് 42 റൺസാണ് സനോഫർ അടിച്ചുകൂട്ടിയത്. ഈ പ്രകടനത്തോടെ ടൂർണമെന്റിലെ 'മാൻ ഓഫ് ദി സീരിയസ്', ഫൈനലിലെ 'മാൻ ഓഫ് ദി മാച്ച്' പുരസ്കാരങ്ങൾ സനോഫർ സ്വന്തമാക്കി.സ്ട്രൈക്കേഴ്സ് പള്ളിത്തെരുവിന്‍റെ  തന്നെ സിദ്ദിഖിനെ ടൂർണമെന്റിലെ മികച്ച ബൗളറായി തെരഞ്ഞെടുത്തു. 5 ഓവര്‍ വീതമുള്ള  മത്സരത്തില്‍ ഓരോ ടീമിലും 10 പേരാണ് ഉണ്ടായിരുന്നത്. പവര്‍ പ്ലേയും എല്‍.ബി.ഡബ്ലിയൂവും ഇല്ലാത്ത രീതിയിലായിരുന്നു മത്സരങ്ങള്‍ ക്രമീകരിച്ചിരുന്നത്.


ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത എം.സി.സി പള്ളിത്തെരുവ് നിശ്ചിത 5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 50 റൺസെന്ന മികച്ച സ്‌കോർ പടുത്തുയർത്തി. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ സ്ട്രൈക്കേഴ്സ് പള്ളിത്തെരുവ്  3.4 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ 51 റൺസ് നേടി ലക്ഷ്യം കണ്ടു. എം.സി.സി ആനയറ,ഫൈറ്റേഴ്സ് ചെറിയതുറ എന്നിവരാണ് യഥാക്രമം മൂന്നും നാലും സ്ഥാനക്കാർ.

തീരദേശ മേഖലയിലെ കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച ടൂർണമെന്റിൽ 16 ടീമുകളാണ് പങ്കെടുത്തത്. ശംഖുമുഖം, വലിയതുറ, പൂന്തുറ, ബീമാപള്ളി തുടങ്ങി വിവിധ തീരദേശ മേഖലകളിലെ പ്രതിഭകൾ ഇതിൽ മാറ്റുരച്ചു.

വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിൽ തിരുവനന്തപുരം മേയർ വി.വി. രാജേഷ്, ഡെപ്യൂട്ടി മേയർ ആശാനാഥ് ജി.എസ് എന്നിവർ മുഖ്യാതിഥികളായിരുന്നു. വള്ളക്കടവ് മുസ്ലിം ജമാത്ത് പ്രസിഡന്റ് സൈഫുദ്ദീൻ എ, വലിയതുറ സി.ഐ അശോക് കുമാർ വി, എയർപോർട്ട് സി.എ.ഒ രാഹുൽ ഭട്കോട്ടി, മഹേഷ് ഗുപ്തൻ (ഹെഡ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ്), തുഷാർ രാഹതേക്കർ (ഹെഡ് ഓപ്പറേഷൻ, അദാനി വിഴിഞ്ഞം പോർട്ട്)  ബീമാപള്ളി കൌണ്‍സിലര്‍ സജീന ടീച്ചർ, ബി.ജെ.പി സ്പോര്‍ട്സ് സെല്‍ കൌണ്‍സിലര്‍ വിവേക് ഗോപന്‍ എന്നിവര്‍   ചടങ്ങിൽ പങ്കെടുത്തു.പ്രമുഖ ചലച്ചിത്ര സംവിധായകൻ പ്രിയദർശൻ, ജോസ് തോമസ് പട്ടാറ എന്നിവർ നേതൃത്വം നൽകുന്ന പ്രോ-വിഷൻ സ്‌പോർട്‌സ് മാനേജ്‌മെന്റിന് കീഴിലുള്ള കൺസോർഷ്യമാണ് ട്രിവാൻഡ്രം റോയൽസിന്റെ ഉടമകൾ. ഡോ. ശശി തരൂർ എം.പി ടീമിന്റെ മുഖ്യ രക്ഷാധികാരിയാണ്

Advertisment