/sathyam/media/media_files/R5ta6rFRtvM6mMcmr5Ag.jpg)
ധാക്ക: ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസന് എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് (ബിസിബി) ലീഗല്‍ നോട്ടീസ് ലഭിച്ചു.ആഗസ്റ്റ് 5 ന് ധാക്കയിലെ അഡബോറിൽ നടന്ന പ്രക്ഷോഭത്തിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ ഷാക്കിബ് അല്‍ ഹസനെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു.
മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയുടെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിൽ വസ്ത്ര ഫാക്ടറി തൊഴിലാളി റൂബൽ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിലാണ് ഷാക്കിബിനെതിരെ കേസ് എടുത്തത്. ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ മുൻ എംപിയാണ് ഷാക്കീബ് അൽ ഹസൻ. കേസിലെ 28-ാം പ്രതിയാണ് ഷാക്കിബ്.
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, അവാമി ലീഗ് ജനറൽ സെക്രട്ടറി ഒബൈദുൽ ഖാദർ ഉൾപ്പടെ 154 പേർ കേസിൽ പ്രതികളാണ്. തിരിച്ചറിയുന്ന 500 പേർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.
റൂബെലിൻ്റെ പിതാവ് റഫീഖുൽ ഇസ്ലാമിൻ്റെ അഭിഭാഷകർ ബിസിബിക്ക് നല്കിയ നോട്ടീസിലാണ് ഷാക്കിബിന് ക്രിക്കറ്റില്‍ നിന്ന് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട ഒരാള്‍ക്ക് ദേശീയ ടീമിന്റെ ഭാഗമാകാനാകില്ലെന്ന ഐസിസി നിയമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്.
ഷാക്കിബിനെ ബംഗ്ലാദേശിലേക്ക് തിരികെ കൊണ്ടുവരാനും ഈ സംഭവവികാസത്തെക്കുറിച്ച് ഐസിസിയെ അറിയിക്കാനും ശ്രമിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. ഷാക്കിബിൻ്റെ കാര്യത്തിൽ അന്തിമ തീരുമാനം ഉടനുണ്ടാകുമെന്ന് ബിസിബി പ്രസിഡൻ്റ് ഫാറൂഖ് അഹമ്മദ് പറഞ്ഞു.