ലഖ്‌നൗ: മുംബൈയും റെസ്റ്റ് ഓഫ് ഇന്ത്യയും തമ്മിലുള്ള ഇറാനി കപ്പ് മത്സരത്തിൻ്റെ രണ്ടാം ദിവസത്തെ കളി കഴിഞ്ഞയുടൻ മുംബൈ ഓൾറൗണ്ടർ ശാർദുൽ താക്കൂറിനെ കടുത്ത പനിയെത്തുടർന്ന് ലഖ്‌നൗവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സർഫറാസ് ഖാനൊപ്പം ഒമ്പതാം വിക്കറ്റിൽ 73 റൺസ് കൂട്ടുക്കെട്ട് പടുത്തുയര്‍ത്താന്‍ ശാര്‍ദ്ദുലിന് സാധിച്ചു. 36 റണ്‍സായിരുന്നു ഇതില്‍ താരത്തിന്റെ സംഭാവന. ഈ സമയത്ത് താരത്തിന് 102 ഡിഗ്രി പനിയുണ്ടായിരുന്നുവെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
മത്സരത്തിന്റെ ആദ്യ ദിവസം തന്നെ താരത്തിന് പനി ബാധിച്ചിരുന്നു. രണ്ടാം ദിവസം ഏകദേശം രണ്ട് മണിക്കൂർ ബാറ്റിംഗിന് ശേഷം അദ്ദേഹം കൂടുതല്‍ ക്ഷീണിതനായി. ബാറ്റിംഗിനിടെ രണ്ട് തവണ അദ്ദേഹത്തിന് ഇടവേള എടുക്കേണ്ടി വന്നു. ഈ സമയത്ത് ടീം ഡോക്ടര്‍മാര്‍ പരിചരിച്ചു.
ആരോഗ്യം മോശമായിട്ടും ബാറ്റിംഗ് തുടരാനായിരുന്നു താരത്തിന്റെ തീരുമാനം. പുറത്തായ ഉടന്‍ ശാര്‍ദ്ദുലിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ താരം നിരീക്ഷണത്തില്‍ തുടര്‍ന്നു. നിലവില്‍ ഡിസ്ചാര്‍ജ് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.