Advertisment

താരലേലത്തില്‍ ആളു മാറി ടീമിലെത്തി; ഇപ്പോള്‍ പഞ്ചാബ് കിംഗ്‌സിന്റെ നെടുംതൂണ്‍ ! ജീവിതം തരുന്ന അവസരങ്ങള്‍ ഇങ്ങനെ ഉപയോഗിക്കണം, ശശാങ്കിനെ പോലെ

ആറു ഫോറിന്റെയും നാല് സിക്‌സറിന്റെയും അകമ്പടിയോടെയായിരുന്നു ശശാങ്കിന്റെ അവിസ്മരണീയ പ്രകടനം. 17 പന്തില്‍ 31 റണ്‍സെടുത്ത അശുതോഷ് ശര്‍മയുടെയും പ്രകടനം പഞ്ചാബിന്റെ വിജയത്തില്‍ നിര്‍ണായകമായി. 

author-image
ജയദേവന്‍ എ എം
Updated On
New Update
Shashank Singh

ഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം. ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റേന്തുന്ന പഞ്ചാബ് കിംഗ്‌സ്. ഗുജറാത്ത് ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ പഞ്ചാബിന്റെ മുന്‍നിര ബാറ്റര്‍മാര്‍ മടങ്ങുന്നു. ഗാലറിയിലുള്ള പഞ്ചാബ് ആരാധകരുടെ മുഖത്താകെ മ്ലാനത. ഒമ്പതാമത്തെ ഓവറിലെ നാലാം പന്ത്. പഞ്ചാബ്‌ നാല് വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സ് എന്ന നിലയിലും. പഞ്ചാബിന്റെ വിജയപ്രതീക്ഷകള്‍ അസ്തമിച്ച് തുടങ്ങിയ ആ സമയത്ത് ഒരു താരം ബാറ്റ് ചെയ്യാനെത്തി. പേര് ശശാങ്ക് സിംഗ്. 

Advertisment

ധവാന്‍, ബെയര്‍‌സ്റ്റോ, സിക്കന്ദര്‍ റാസ തുടങ്ങിയ പ്രഗത്ഭര്‍ പരാജയപ്പെട്ടിടത്ത് ശശാങ്കിന് എന്തു ചെയ്യാനാകുമെന്ന് ഒരു പക്ഷേ, പഞ്ചാബ് ആരാധകര്‍ ചിന്തിച്ചിരിക്കാം. എന്നാല്‍ യാതൊരു സമ്മര്‍ദ്ദവും പ്രകടിപ്പിക്കാതെ ബാറ്റ് ചെയ്യാനായിരുന്നു ആ 32കാരന്റെ തീരുമാനം.

പ്രതീക്ഷകള്‍ നഷ്ടപ്പെട്ട പഞ്ചാബ് ക്യാമ്പിന് നേരിയ പ്രതീക്ഷകള്‍ സമ്മാനിച്ച് ശശാങ്ക് വെടിക്കെട്ട് തുടങ്ങി. ഗാലറയില്‍ തലങ്ങും വിലങ്ങും ബൗണ്ടറികള്‍ പാഞ്ഞു. ഒടുവില്‍ മത്സരം കൈവിട്ടയിടത്ത് നിന്ന് പഞ്ചാബ് വിജയം കൈപ്പിടിയിലൊതുക്കി. അതും പുറത്താകാതെ 29 പന്തില്‍ 61 റണ്‍സെടുത്ത ശശാങ്കിന്റെ കൈക്കരുത്തില്‍.

ആറു ഫോറിന്റെയും നാല് സിക്‌സറിന്റെയും അകമ്പടിയോടെയായിരുന്നു ശശാങ്കിന്റെ അവിസ്മരണീയ പ്രകടനം. 17 പന്തില്‍ 31 റണ്‍സെടുത്ത അശുതോഷ് ശര്‍മയുടെയും പ്രകടനം പഞ്ചാബിന്റെ വിജയത്തില്‍ നിര്‍ണായകമായി. 

Crucial boundaries on display 👀 Shashank Singh keeping the hopes alive 🙌 Watch the match LIVE on Star Sports and JioCinema 💻📱 #TATAIPL | #GTvPBKS

Posted by IPL - Indian Premier League on Thursday, April 4, 2024

ഈ സീസണില്‍ ഡല്‍ഹിക്കെതിരായ ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായ ശശാങ്ക് ഉയര്‍ത്തേഴുന്നേല്‍ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ആര്‍സിബിക്കെതിരെ നടന്ന രണ്ടാം മത്സരത്തില്‍ പുറത്താകാതെ എട്ട് പന്തില്‍ 21, എല്‍എസ്ജിക്കെതിരെ നടന്ന മൂന്നാം മത്സരത്തില്‍ പുറത്താകാതെ ഏഴ് പന്തില്‍ ഒമ്പത് എന്നിങ്ങനെയായിരുന്നു താരത്തിന്റെ പ്രകടനം. ഇപ്പോഴിതാ ഗുജറാത്തിനെതിരെ നടന്ന മത്സരത്തില്‍ ടീമിന്റെ വിജയശില്‍പിയുമായി. ഐപിഎല്ലില്‍ ശശാങ്കിന്റെ പ്രകടനം ആഘോഷിക്കപ്പെടുമ്പോള്‍ അതിന് പിന്നിലൊരു കാരണമുണ്ട്. മറ്റൊന്നുമല്ല, അത് കഴിഞ്ഞ ഡിസംബറില്‍ നടന്ന താരലേലമാണ്.

2023 ഡിസംബര്‍ 19

ഐപിഎല്‍ താരലേലം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം. ലേലം പുരോഗമിക്കുന്ന ഘട്ടത്തില്‍ പഞ്ചാബ് ടീമിനൊരു അബദ്ധം പറ്റി. തങ്ങള്‍ ടീമിലെടുക്കാന്‍ ഉദ്ദേശിച്ച ശശാങ്ക് സിംഗിന് പകരം, പഞ്ചാബ് ലേലത്തില്‍ വിളിച്ചെടുത്തത് മറ്റൊരു ശശാങ്ക് സിംഗിനെ. 

ലേലം പിന്‍വലിക്കണമെന്ന് പഞ്ചാബ് ആവശ്യപ്പെട്ടെങ്കിലും ലേലം നടത്തിയ മല്ലിക സാഗര്‍ അത് സാധ്യമല്ലെന്ന് അറിയിച്ചു. അങ്ങനെ 32കാരനായ ഈ ചണ്ഡീഗഡ് സ്വദേശി പഞ്ചാബ് കിംഗ്‌സിലുമെത്തി.

''ശശാങ്ക് സിംഗ് എപ്പോഴും ഞങ്ങളുടെ ടാര്‍ജറ്റ്‌ ലിസ്റ്റിൽ ഉണ്ടായിരുന്നു. ഇതേ പേരിലുള്ള 2 താരങ്ങൾ ലിസ്റ്റിൽ ഉണ്ടായിരുന്നതാണ്‌ ആശയക്കുഴപ്പത്തിന് കാരണം. അദ്ദേഹത്തെ ടീമില്‍ ഉൾപ്പെടുത്തുന്നതിലും ഞങ്ങളുടെ വിജയത്തിന് അദ്ദേഹം സംഭാവന നൽകുന്നതിലും ഞങ്ങൾ സന്തുഷ്ടരാണ്'', എന്നായിരുന്നു ഇതു സംബന്ധിച്ച് പിന്നീട് പഞ്ചാബ് ടീം നല്‍കിയ വിശദീകരണം.

എന്തായാലും അന്ന് പഞ്ചാബ് പറഞ്ഞതുപോലെ സംഭവിച്ചു. ടീമിന്റെ വിജയത്തിന് സംഭാവന നല്‍കുന്ന താരമായി ഇന്ന് ശശാങ്ക് മാറി. അന്ന് പറ്റിയ അബദ്ധം ഇന്ന് അനുഗ്രഹമാകുമ്പോള്‍ ടീം ഉടമ പ്രീതി സിന്റ ഉള്‍പ്പെടെയുള്ളവര്‍ തീര്‍ച്ചയായും സന്തോഷിക്കുന്നുണ്ടാകാം. ജീവിതം നല്‍കുന്ന അവസരം ശശാങ്കിനെ പോലെ വിനിയോഗിക്കണമെന്ന് ആരാധകരും പറയുന്നുണ്ടാകാം.

 

Advertisment