/sathyam/media/media_files/Lk7a8F66RF8mSKwdrZoZ.jpg)
ഐസിസി ഏകദിന റാങ്കിങിൽ ഇന്ത്യൻ ബാറ്റിങ് സെൻസേഷൻ ശുഭ്മാൻ ഗിൽ ഒന്നാം സ്ഥാനത്തോട് ഒരുപടി കൂടി അടുത്തു. പാക് ക്യാപ്റ്റൻ ബാബർ അസമാണ് നിലവിൽ ഒന്നാമതുള്ളത്. നവംബർ ഒന്നിന് പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങിൽ ഗിൽ കേവലം ബാബറിന് രണ്ട് പോയിന്റുകൾ മാത്രം പിന്നിലാണ്. ഈ വർഷം ഏകദിന ക്രിക്കറ്റിൽ അവിസ്‌മരണീയ പ്രകടനങ്ങളുമായാണ് യുവതാരം റാങ്കിങിൽ മുന്നേറ്റം നടത്തിയത്.
ഈ വർഷം ഇതുവരെ കളിച്ച 24 മത്സരങ്ങളിൽ നിന്ന് 63.52 ശരാശരിയിലും 100ന് മുകളിൽ സ്‌ട്രൈക്ക് റേറ്റിലും 1334 റൺസാണ് 24കാരൻ നേടിയിട്ടുള്ളത്. ഇന്ത്യ കിരീടം ഉയർത്തിയ ഏഷ്യാ കപ്പിലെ മികച്ച റൺ വേട്ടക്കാരനായതും യുവ താരമായിരുന്നു. എന്നാൽ കന്നി ലോകകപ്പിന് എത്തിയ ഗില്ലിന് പക്ഷേ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല.
ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ ഗില്ലിന് ഡെങ്കിപ്പനി തിരിച്ചടിയായി. അഹമ്മദാബാദിൽ പാകിസ്ഥാനെതിരായ ഏറ്റുമുട്ടലിന് മുമ്പ് നടന്ന രണ്ട് മത്സരങ്ങൾ താരത്തിന് നഷ്‌ടമായി. അതിനുശേഷം, ഗില്ലിന് ഇതുവരെ ശേഷിക്കുന്ന നാല് മത്സരങ്ങളിൽ നിന്ന് ഒരു അർദ്ധ സെഞ്ചുറിയോടെ 104 റൺസ് മാത്രമാണ് നേടാനായത്.
ബാബറിനും ഇത്തവണത്തെ ലോകകപ്പിൽ പ്രതീക്ഷിച്ച പോലെ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. ഏഴ് മത്സരങ്ങളിൽ നിന്ന് 216 റൺസ് നേടിയ പാകിസ്ഥാൻ താരത്തിന് ബംഗ്ലാദേശിനെതിരായ നിർണായക മത്സരത്തിൽ ഒമ്പത് റൺസ് മാത്രമാണ് നേടാനായത്. കൂടാതെ ബാബറിന്റെ ബാറ്റിങിലെ മെല്ലെപ്പോക്കും വിമർശന വിധേയമായി.
ലോകകപ്പിന് മുൻപ് ഇരു താരങ്ങൾക്കും ഇടയിൽ ആറ് പോയിന്റ് വ്യത്യാസമാണ് ഉണ്ടായിരുന്നത്. ഇപ്പോഴിത് രണ്ടായി കുറയ്ക്കാൻ ഗില്ലിന് കഴിഞ്ഞു. ശേഷിക്കുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്താൻ ഗില്ലിന് ബാബറിനെ മറികടക്കുക എളുപ്പമാവും.