Advertisment

വീണ്ടും മഴ വില്ലനായി; ബംഗാളിനെതിരെ കേരളത്തിന് നാല് വിക്കറ്റ് നഷ്ടത്തിൽ 51 റൺസ്

New Update
203f5955-7120-4d34-a581-a46c3b5a21b9

 

Advertisment

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളവും ബംഗാളും തമ്മിലുള്ള മല്സരത്തിൻ്റെ രണ്ടാം ദിവസത്തെ കളിയും മഴ മൂലം തടസ്സപ്പെട്ടു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ  കേരളം  കളി നിർത്തുമ്പോൾ നാല് വിക്കറ്റിന് 51 റൺസെന്ന നിലയിലാണ്.  നാല് റൺസോടെ സച്ചിൻ ബേബിയും ഒൻപത് റൺസോടെ അക്ഷയ് ചന്ദ്രനുമാണ് ക്രീസിൽ. 

 സ്കോർ 33ൽ നില്ക്കെ ഓപ്പണർ രോഹൻ കുന്നുമ്മലിൻ്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. 22 പന്തിൽ 23 റൺസെടുത്ത രോഹൻ ഇഷാൻ പോറലിൻ്റെ പന്തിൽ എൽബിഡബ്ല്യു ആവുകയായിരുന്നു. തൊട്ടടുത്ത പന്തിൽ റണ്ണൊന്നുമെടുക്കാതെ ബാബ അപരാജിത്തും മടങ്ങി. ഇഷാൻ പോറലിന് തന്നെയായിരുന്നു വിക്കറ്റ്. സ്കോർ 38ൽ നില്ക്കെ വത്സൽ ഗോവിന്ദിൻ്റെയും ആദിത്യ സർവാടെയുടെയും വിക്കറ്റുകൾ കൂടി കേരളത്തിന് നഷ്ടമായി. ഇരുവരും അഞ്ച് റൺസ് വീതം നേടി. ആദിത്യ സർവാടെയെ പ്രദീപ്ത പ്രമാണിക് പുറത്താക്കിയപ്പോൾ ഇഷാൻ പോറലിനാണ് വത്സൽ ഗോവിന്ദിൻ്റെ വിക്കറ്റ്. 

മഴയെ തുടർന്ന് ആകെ 15.1 ഓവർ മാത്രമാണ് രണ്ടാം ദിവസം എറിയാനായത്. മല്സരത്തിൻ്റെ ആദ്യ ദിവസത്തെ കളി മഴയെ തുടർന്ന് പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ മല്സരത്തിൽ നിന്ന് ഏതാനും മാറ്റങ്ങളുമായാണ് കേരളം ബംഗാളിനെതിരെ ഇറങ്ങിയിട്ടുള്ളത്. ദേശീയ ടീമിനൊപ്പം ചേരേണ്ടതിനാൽ സഞ്ജു സാംസൻ ഈ മല്സരത്തിൽ കേരളത്തിന് വേണ്ടി കളിക്കുന്നില്ല. അക്ഷയ് ചന്ദ്രനെയും സൽമാൻ നിസാറിനെയും ടീമിൽ ഉൾപ്പെടുത്തിയാണ് ബംഗാളിനെതിരെ കേരളം കളിക്കാൻ ഇറങ്ങിയത്. കർണ്ണാടകയ്ക്ക് എതിരെയുള്ള കേരളത്തിൻ്റെ കഴിഞ്ഞ മത്സരവും മഴ മൂലം തടസ്സപ്പെട്ടിരുന്നു.

Advertisment