ചാമ്പ്യൻസ് ലീഗിൽ ബയേണിനെ അട്ടിമറിച്ച് ലാസിയോ; പി.എസ്.ജിക്ക് ജയം

New Update
1411059-bayernmunich.webp

റോമ: ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ആദ്യപാദത്തിൽ മുൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണികിനെ അട്ടിമറിച്ച് ലാസിയോ. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരുഗോളിനാണ് കീഴടക്കിയത്. 69ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഇമ്മൊബിലെയാണ് ഇറ്റാലിയൻ ക്ലബിനായി വിജയഗോൾ നേടിയത്. ഇതോടെ സ്വന്തംമൈതാനത്ത് നടക്കുന്ന രണ്ടാംപാദ ക്വാർട്ടർ ബയേണിന് ജീവൻമരണപോരാട്ടമായി.

Advertisment

67ാം മിനിറ്റിൽ അപകരമായ ഫൗൾ ചെയ്തതിന് ബയേൺ പ്രതിരോധ താരം ഉപമെക്കാനോ റെഡ്കാർഡ് വഴങ്ങി പുറത്തായതോടെ അവസാന മിനിറ്റുകളിൽ പത്തുപേരുമായാണ് സന്ദർശകർ കളിച്ചത്. ബോക്‌സിൽ ലാസിയോ താരത്തെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഇറ്റാലിയൻതാരം അനായാസം വലയിലാക്കി. നേരത്തെ ബുണ്ടെസ് ലീഗയിലെ അവസാന മത്സരത്തിലും ബയേൺ തോൽവി വഴങ്ങിയിരുന്നു. ബയേൺ ലെവർകൂസനാണ് തോൽപിച്ചത്. ഇതോടെ ബുണ്ടെസ് ലീഗ കിരീട പ്രതീക്ഷക്കും മങ്ങലേറ്റിരുന്നു. തോൽവിയെ തുടർന്ന് പരിശീലകൻ തോമസ് തുഹേലിന്റെ സ്ഥാനവും ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞു. ടീമിന്റെ മോശം ഫോമിനെതിരെ ആരാധകർ സാമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്.

മറ്റൊരു മത്സരത്തിൽ റിയൽ സോസിഡാഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് പി.എസ്.ജി കീഴടക്കി. 58-ാം മിനിറ്റിൽ സൂപ്പർതാരം കിലിയൻ എംബാപ്പെയും 70-ാം മിനിറ്റിൽ ബ്രാഡ്‌ലി ബാർകോളയും ആതിഥേയർക്കായി ലക്ഷ്യംകണ്ടു. 21ന് പുലർച്ചെ 1.30ന് നടക്കുന്ന മത്സരത്തിൽ പി.എസ്.വി, ബൊറൂസിയ ഡോർട്ട്മുണ്ടിനേയും ഇന്റർ മിലാൻ അത്‌ലറ്റികോ മാഡ്രിഡിനേയും നേരിടും.

Advertisment