/sathyam/media/media_files/kE3l19D7CIzPK4nROVKy.webp)
ലുസെയ്ൻ: പാരീസ് ഒളിമ്പിക്സിലെ മിന്നും പ്രകടനവുമായി ലുസെയ്നിൽ എത്തിയ നീരജ് ചോപ്ര ഡയമണ്ട് ലീഗിൽ പുതിയ ദൂരം കണ്ടെത്തിയതോടെ സ്വന്തമാക്കിയത് രണ്ടാം സ്ഥാനം. ലുസെയ്ൻ ഡയമണ്ട് ലീഗിൽ 89.49 മീറ്റർ ദൂരം സ്വന്തമാക്കിയാണ് നീരജ് രണ്ടാം സ്ഥാനം എറിഞ്ഞിട്ടത്. അവസാന ശ്രമത്തിലാണ് നീരജ് ഈ സീസണിലെ തൻ്റെ ഏറ്റവും മികച്ച സ്ഥാനം സ്വന്തമാക്കിയത്. 90.61 മീറ്റർ ദൂരം കണ്ടെത്തിയ ഗ്രനാഡ താരം ആൻഡേഴ്സൻ പീറ്റേഴ്സ് മീറ്റ് ഒന്നാം സ്ഥാനം സ്വന്തമാക്കി. ജർമൻ താരം ജൂലിയൻ വെബർ 87.08 മീറ്ററോടെ മൂന്നാം സ്ഥാനത്തെത്തി.
2024 ലെ പാരീസ് ഒളിമ്പിക്‌സിലെ 89.45 മീറ്റർ ശ്രമത്തെ മറികടന്ന് നീരജിൻ്റെ സീസണിലെ ഏറ്റവും മികച്ച ത്രോയാണ് നീരജ് ഡയമണ്ട് ലീഗിൽ കണ്ടെത്തിയത്. താരത്തിൻ്റെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ത്രോ കൂടിയാണിത്. ആദ്യ അഞ്ച് ശ്രമങ്ങളിൽ 82.10, 83.21, 83.13, 82.34, 85.58 എന്നിങ്ങനെയായിരുന്നു നീരജിന്‍റെ പ്രകടനം. ആറാമത്തെ ശ്രമത്തിലാണ് രണ്ടം സ്ഥാനം നേടിക്കൊടുത്ത 89.49 മീറ്റർ ദൂരം കണ്ടെത്തിയത്. 2022ലെ സ്‌റ്റോക്ക്‌ഹോം ഡയമണ്ട് ലീഗിൽ നേടിയ 89.94 മീറ്ററാണ് നീരജിൻ്റെ ഏറ്റവും മികച്ച ത്രോ.