അഞ്ച് ഐ.പി.എൽ കിരീടം നേടിയിട്ടും രോഹിത് ശർമ്മയെ നായക പദവിയിൽ നിന്ന് നൈസായി ഒഴിവാക്കി മുംബൈ ഇന്ത്യൻസ്. പ്രായാധിക്യവും ഏകോപനക്കുറവും കാരണങ്ങൾ. രോഹിതിന് പകരക്കാരൻ ഗുജറാത്ത് ടീം വിട്ടുവന്ന ഹാ‌ർദ്ദിക് പാണ്ഡ്യ. ഹിറ്റ്‌‍മാനെ ഒഴിവാക്കി തലമുറമാറ്റം അനായാസം നടപ്പാക്കി മുംബൈ ഇന്ത്യൻസ്.

New Update
E8OEGC83XAZsnLdMMq2h.webp

മുംബൈ: അഞ്ച് ഐ.പി.എൽ കിരീടം നേടിയ ഏറ്റവും വിജയകരമായ സക്സസ്ഫുൾ ക്യാപ്ടൻ എന്ന് അറിയപ്പെടുന്ന ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ മുംബൈ ഇന്ത്യൻസ് തങ്ങളുടെ നായക പദവിയിൽ നിന്ന് ഒഴിവാക്കിയത് ക്രിക്കറ്റ് ലോകം ചർച്ച ചെയ്യുകയാണ്. ഗുജറാത്ത് ടീം വിട്ടുവന്ന ഹാർദ്ദിക് പാണ്ഡ്യയായിരിക്കും വരുന്ന സീസണിൽ മുംബൈയെ നയിക്കുക. രോഹിത്തിന്റെ പ്രായാധിക്യവും പുതിയ താരങ്ങളെ ഏകോപിപ്പിക്കാനുള്ള കഴിവ് കുറയുന്നതുമാണ് അദ്ദേഹത്തിന്റെ ക്യാപ്ടൻ തൊപ്പി എടുത്തുമാറ്റൻ മുംബൈ ഇന്ത്യൻസിനെ പ്രേരിപ്പിച്ചത് എന്നാണ് അറിയുന്നത്. പക്ഷേ ഐ.പി.എൽ ചരിത്രത്തിലെ തന്നെ മികച്ച ക്യാപടനായിരുന്നു രോഹിത്.

Advertisment

ക്യാപ്ടൻ പദവിയിൽ തലമുറമാറ്റം അനായാസം നടപ്പാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. പക്ഷേ ഇന്ത്യൻ ടീമിൽ ഇപ്പോഴും ഏറ്റവും താരത്തിളക്കവും പ്രകടന ശേഷിയുമുള്ള താരമാണ് രോഹിത്.

കഴിഞ്ഞ ലോകകപ്പിലടക്കം രോഹിതിന്റെ പ്രകടനമാണ് ടീമിന് തുണയായത്. വരുന്ന ട്വന്റി 20 ലോകകപ്പിലും രോഹിതായിരിക്കും ഇന്ത്യൻ ടീമിന്റെ നെടുംതൂൺ. ഐ.പി.എല്ലിൽ മറ്റാർക്കും അവകാശപ്പെടാനില്ലാത്ത പ്രകടനമാണ് രോഹിത്തിന്റേത്. പക്ഷേ രോഹിതിനെ നീക്കി  2024 സീസണിൽ ഹാർദികിന്റെ നേതൃത്വത്തിലായിരിക്കും മുംബയ് ഐ.പി.എല്ലിനിറങ്ങുകയെന്ന് ടീമിന്റെ പെർഫോമൻസ് ഡയറക്ടർ മഹേല ജയവർദ്ധനെ പ്രസ്താവനയിൽ അറിയിച്ചു.

ഇതിഹാസ താരങ്ങളുടെ നേതൃത്വത്തിൽ കളത്തിലിറങ്ങാൻ അനുഗ്രഹം ലഭിച്ച ടീമാണ് മുംബൈ ഇന്ത്യൻസ്. സച്ചിനിൽ നിന്ന് ഹർഭജനിലേക്കും ഹർഭജനിൽ നിന്ന് റിക്കി പോണ്ടിംഗിലേക്കും തുടർന്ന് രോഹിത് ശ‌ർമ്മയിലേക്കും ക്യാപ്ടൻസിയെത്തി.  ഭാവി മുന്നിൽക്കണ്ടാണ് മുംബയ് എപ്പോഴും മുന്നോട്ടു പോകുന്നത്. ഭാവിയിലേക്ക് ടീമിനെ ശക്തമാക്കി നിലിറുത്തുകയെന്ന് പദ്ധതയുടെ ഭാഗമായാണ് ഇപ്പോൾ ഹാർദികിനെ ക്യാപ്ടനാക്കുന്നത്.

കഴിഞ്ഞയിടെയാണ് ഹാർദിക് ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് മുംബയിലേക്ക് വീണ്ടുമെത്തിയത്. ഗുജറാത്ത് ടൈറ്റൻസിനെ അവരുടെ പ്രഥമ ഐ.പി.എൽ സീസണിൽ തന്നെ ചാമ്പ്യൻമാരാക്കുകയും അടുത്ത സീസണിൽ റണ്ണേഴ്സ് അപ്പാക്കുകയും ചെയ്ത ക്യാപ്ടൻസി മികവുമായാണ് ഹാർദിക് മുംബയിലേക്ക് തിരിച്ചെത്തിയത്.

ഹാർദികിനെ തിരികെയെത്തിച്ചത് ക്യാപ്ടൻ സ്ഥാനം മുന്നിൽക്കണ്ടാണെങ്കിലും ഇത്രപെട്ടെന്ന് അത് സംഭവിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. 2013ൽ റിക്കി പോണ്ടിംഗിന്റെ പിൻഗാമിയായാണ് രോഹിത് ശർമ്മ മുംബയ് ഇന്ത്യൻസിന്റെ ക്യാപ്ടൻ സ്ഥാനം ഏറ്റെടുക്കുന്നത്. 

ക്യാപ്‌ടനായ ആദ്യ സീസണിൽ തന്നെ മുംബൈയെ ചാമ്പ്യൻമാരാക്കിയാണ് രോഹിത് തുടങ്ങിയത്. പിന്നീട് 2015, 2017, 2019, 2020 സീസണിലും രോഹിത്തിൻറെ നായകത്വത്തിൽ മുംബയ് ഐ.പി.എൽ കിരീടം സ്വന്തമാക്കി. ഐ.പി.എല്ലിൽ അഞ്ച് കിരീടങ്ങൾ നേടിയ ആദ്യ ക്യാപ്ടനെന്ന റെക്കാഡ് രോഹിത് സ്വന്തം പേരിലാക്കി. ഹിറ്റ്മാന് കീഴിൽ ഐ.പി.എൽ 2023ലും മുംബയ് പ്ലേ ഓഫ് കളിച്ചിരുന്നു. മുംബയിലെ നേതൃമികവാണ് ഇന്ത്യൻ ടീമിന്റെ ക്യാപ്ടൻസിയിലേക്കും രോഹിതിനെ എത്തിച്ചത്. മുംബൈ നായകപദവി ഒഴിഞ്ഞെങ്കിലും രോഹിത് ഇന്ത്യൻ ടീമിൽ കരുത്തനായ ഹിറ്റ് മാനായി തുടരും.

Advertisment