ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അർജന്റീനക്കും ബ്രസീലിനും തോൽവി, അർജന്റീനയെ കൊളംബിയയും ബ്രസീലിനെ പരഗ്വായും പരാജയപ്പെടുത്തി

New Update
1441921-arg

ബ്വേനസ് ഐറിസ്: ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അർജന്റീനക്കും ബ്രസീലിനും തോൽവി. അർജന്റീനയെ കരുത്തരായ കൊളംബിയ ഒന്നിനെതിരെ രണ്ടുഗോളുകൾക്കും ബ്രസീലിനെ പരഗ്വായ് എതിരില്ലാത്ത ഒരുഗോളിനും ​തോൽപ്പിക്കുകയായിരുന്നു.

Advertisment

സ്വന്തം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 25ാം മിനുറ്റിൽ യെർസൻ മൊസ്ക്വറയിലൂടെ കൊളംബിയയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ നിക്കൊളാസ് ഗോൺസാലസിലൂടെ അർജന്റീന തിരിച്ചടിച്ചു. മത്സരത്തിന്റെ 60ാം മിനുറ്റിൽ ജെയിംസ് റോഡ്രിഗ്വസ് നേടിയ പെനൽറ്റി ഗോളിലൂടെ കൊളംബിയ വിജയം പിടിച്ചെടുക്കുകയായിരുന്നു.

മത്സരത്തിന്റെ 71% സമയവും പന്ത് കൈവശം വെച്ചിട്ടും 20ാം മിനുറ്റിൽ ഡിയഗോ ഗോമസിലൂടെ മുന്നിലെത്തിയ പരഗ്വായെ വീഴ്ത്താൻ ബ്രസീലിനായില്ല. മുൻ നിരയിൽ റോഡ്രിഗോ, എൻട്രിക്, വിനീഷ്യസ് സഖ്യത്തെ അണിനിരത്തിയാണ് ബ്രസീൽ കളത്തിലിറങ്ങിയത്.

ലാറ്റിന അമേരിക്കൻ യോഗ്യത ഗ്രൂപ്പിൽ എല്ലാ ടീമുകളും എട്ട് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ അർജന്റീന 18 പോയന്റുമായി ഒന്നാമതാണ്. 16 പോയന്റുള്ള കൊളംബിയ രണ്ടാമതും 15 പോയന്റുള്ള ഉറുഗ്വായ് മൂന്നാമതുമാണ്. 10 പോയന്റുള്ള ബ്രസീൽ അഞ്ചാമതാണ്. ആറുടീമുകൾക്കാണ് 2026 ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുക.

Advertisment