/sathyam/media/media_files/2025/09/19/kusal-mendis_18sep25-2025-09-19-00-15-00.webp)
അബുദാബി: ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിൽ ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ അഫ്ഗാനിസ്ഥാന് തോൽവി. ശ്രീലങ്കയാണ് അഫ്ഗാനെ കീഴടക്കിയത്. ആറ് വിക്കറ്റിനായിരുന്നു ലങ്കയുടെ ജയം. ഇതോടെ ശ്രീലങ്കയും ബംഗ്ലാദേശും സൂപ്പർ ഫോറിലെത്തി.
അഫ്ഗാനിസ്ഥാൻ ഉയർത്തിയ 170 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക എട്ട് പന്തുകൾ ശേഷിക്കെ മറികടന്നു. കുശാൽ മെൻഡിസിന്റെ മികച്ച പ്രകടനമാണ് ശ്രീലങ്കയെ വിജയത്തിലെത്തിച്ചത്. 52 പന്തുകൾ നേരിട്ട കുശാൽ പുറത്താകാതെ 74 റണ്‍സെടുത്തു.
കുശാൽ പെരെര 28 റണ്‍സും കമിന്ദു മെൻഡിസ് പുറത്താകാതെ 26 റണ്‍സും നേടി. ജയത്തോടെ ശ്രീലങ്ക ഗ്രൂപ്പ് ബിയിൽ ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ മുഹമ്മദ് നബിയുടെ അർധസെഞ്ചുറി കരുത്തിലാണ് ഭേദപ്പെട്ട നിലയിലെത്തിയത്. 22 പന്തിൽ ആറ് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 60 റണ്‍സ് നേടിയ മുഹമ്മദ് നബി അവസാന പന്തിൽ റണ്ഒൗട്ടാകുകയായിരുന്നു.
മുഹമ്മദ് നബിക്കു പുറമേ ഇബ്രാഹിം സദ്രാനും റാഷിദ് ഖാനും 24 റണ്‍സ് വീതവും അഫ്ഗാനായി നേടി. ശ്രീലങ്കയ്ക്കായി നുവാൻ തുഷാര നാല് വിക്കറ്റ് വീഴ്ത്തി.