ഏഷ്യാകപ്പിൽ നേപ്പാളിനെ 238 റൺസിന് തകർത്ത് പാക്കിസ്ഥാൻ

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
NEPAL PAK.

മുൽത്താൻ: ഏഷ്യാകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ നേപ്പാളിനെതിരെ പാക്കിസ്ഥാന് 238 റൺസിന്റെ വമ്പൻ ജയം. 343 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ നേപ്പാൾ 23.4 ഓവറിൽ 104 റൺസിന് എല്ലാവരും പുറത്തായി. 

Advertisment

46 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത സോംപാല്‍ കാമിയാണ് നേപ്പാളിന്റെ ടോപ് സ്‌കോറര്‍. നേപ്പാൾ നിരയിൽ മൂന്നുപേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. പാക്കിസ്ഥാനു വേണ്ടി ഷദാബ് ഖാൻ നാലു വിക്കറ്റും ഷഹീൻ അഫ്രിദി, ഹാരിസ് റൗഫ് എന്നിവർ രണ്ട് വിക്കറ്റു വീതവും വീഴ്ത്തി.

ടോസ് നേടി ആദ്യം ബാറ്റുചെയ്ത പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ 342 റൺസാണ് അടിച്ചുകൂട്ടിയത്. ഒരുഘട്ടത്തിൽ 2ന് 25 എന്ന നിലയിൽ പരുങ്ങിയ പാക്കിസ്ഥാനെ ക്യാപ്റ്റൻ ബാബർ അസം (131 പന്തിൽ 151), ഇഫ്തിഖർ അഹമ്മദ് (71 പന്തിൽ 109*) എന്നിവര്‍ ചേർന്നാണ് മികച്ച സ്കോറിലെത്തിച്ചത്. ഏഷ്യാകപ്പിൽ ഒരു ടീമിന്റെ നായകൻ നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ‌ എന്ന നേട്ടം ബാബർ സ്വന്തമാക്കി. 

ബംഗ്ലദേശും ശ്രീലങ്കയും തമ്മിൽ വ്യാഴാഴ്ചയാണ് അടുത്ത മത്സരം. ശനിയാഴ്ച പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 6 ടീമുകളെ 2 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ.

ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ ടീമുകളുടങ്ങുന്നതാണ് ഗ്രൂപ്പ് എ. ഗ്രൂപ്പ് ബിയിലാണ് ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ ടീമുകൾ. ഗ്രൂപ്പിലെ എല്ലാ ടീമും മറ്റു 2 ടീമുകളുമായി ഓരോ തവണ കളിക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ 2 സ്ഥാനക്കാർ സൂപ്പർ ഫോറിനു യോഗ്യത നേടും.

സൂപ്പർ ഫോറിലും ഓരോ ടീമും എതിരാളികളുമായി ഓരോ തവണ ഏറ്റുമുട്ടും. സൂപ്പർ ഫോറിലെ മികച്ച 2 ടീമുകളാണ് ഫൈനലിലെത്തുക. ഫൈനലടക്കം 13 മത്സരങ്ങളാണ് ടൂർണമെന്റിലുണ്ടാവുക. 

Advertisment