ഓസ്‌ട്രേലിയയെ കശക്കിയെറിഞ്ഞ് ഹാരിസ് റൗഫ്; പാകിസ്ഥാന് ചരിത്ര വിജയം, ഒപ്പം റെക്കോർഡും !

New Update
H

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ പാകിസ്ഥാന് ചരിത്ര വിജയം. കരുത്തുറ്റ ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിരയെ 163 റണ്‍സിന് വരിഞ്ഞുമുറുക്കിയ പാകിസ്ഥാന്‍ 26.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയം കണ്ടു. 35 ഓവറില്‍ ഓസ്‌ട്രേലിയ പുറത്താകുകയായിരുന്നു.

Advertisment

പാകിസ്ഥാന്‍ പേസര്‍ ഹാരിസ് റൗഫാണ് ഓസ്‌ട്രേലിയയെ കശക്കിയെറിഞ്ഞത്. 29 റണ്‍സ് മാത്രം വഴങ്ങി അഞ്ചു സുപ്രധാന വിക്കറ്റുകളാണ് റൗഫ് എറിഞ്ഞിട്ടത്. ബാറ്റിങ്ങില്‍ സൈം അയൂബും അബ്ദുള്ള ഷെഫീഖും കളം നിറഞ്ഞാടിയതോടെയാണ് പാകിസ്ഥാന്‍ ഗംഭീര വിജയം നേടിയത്.

പന്തുകളുടെയും വിക്കറ്റിന്റെയും അടിസ്ഥാനത്തിലാണ് ഓസ്‌ട്രേലിയയ്‌ക്കെതിരെ പാകിസ്ഥാന്‍ ചരിത്രം കുറിച്ചത്. 141 പന്തുകള്‍ ബാക്കി നില്‍ക്കേയാണ് പാകിസ്ഥാന്റെ വിജയം. അതും ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയും.

1981 ഡിസംബര്‍ 17 ന് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ആറ് വിക്കറ്റിന് ഓസ്ട്രേലിയയെ തോല്‍പ്പിച്ചതാണ് ഇതിന് മുന്‍പത്തെ പാകിസ്ഥാന്റെ വലിയ വിജയം. 2022 ഏപ്രില്‍ 2 ന് ലാഹോറില്‍ വച്ച് നേടിയ വിജയമാണ് ശേഷിക്കുന്ന പന്തുകളുടെ അടിസ്ഥാനത്തില്‍ ഇതിന് മുന്‍പത്തെ വലിയ വിജയം. അന്ന് 73 പന്തുകള്‍ ബാക്കിയുള്ളപ്പോഴാണ് പാകിസ്ഥാന്‍ ജയിച്ചത്.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി സ്റ്റീവ് സ്മിത്ത് മാത്രമാണ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. 35 റണ്‍സ് ആണ് അദ്ദേഹത്തിന്റെ സംഭാവന. മറ്റു താരങ്ങളില്‍ ആരും 20ല്‍ കൂടുതല്‍ റണ്‍സ് നേടിയില്ല. സൈം അയൂബ് 71 പന്തില്‍ 82 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. ഇതില്‍ ആറു സിക്‌സ് ഉള്‍പ്പെടുന്നു. അബ്ദുള്ള ഷെഫീഖ് 69 പന്തില്‍ 64 റണ്‍സുമായി പുറത്താകാതെ നിന്നു.

 

 

Advertisment