ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ ഏകദിന, ടി 20 ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് രാജിവച്ച് ബാബർ അസം. ഒരു വർഷത്തിനിടെ രണ്ടാം തവണയാണ് അസം ക്യാപ്റ്റൻ സ്ഥാനം രാജി വയ്ക്കുന്നത്.
2023 ലെ ലോകകപ്പിലെ തോൽവിക്ക് പിന്നാലെ അദ്ദേഹം പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനം രാജിവച്ചിരുന്നു. എന്നാൽ, ഏതാനും ആഴ്ചകൾക്കുള്ളിൽതന്നെ നായക സ്ഥാനത്തേക്ക് തിരിച്ചെത്തി.
''നായക സ്ഥാനം ജോലിഭാരം കൂട്ടിയിട്ടുണ്ട്. ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ടീമിന് മികച്ച സംഭാവന നൽകാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ഞാൻ ആഗ്രഹിക്കുന്നു, അതെനിക്ക് സന്തോഷം നൽകും.
സ്ഥാനമൊഴിയുന്നതിലൂടെ മത്സരങ്ങളിലും വ്യക്തിഗത വളർച്ചയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകും,'' സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ ബാബർ അസം കുറിച്ചു.
ക്യാപ്റ്റൻ സ്ഥാനം രാജിവയ്ക്കുമെന്ന് കഴിഞ്ഞ മാസം തന്നെ പിസിബിയെയും ടീം മാനേജ്മെന്റിനെയും അറിയിച്ചിരുന്നുവെന്നും ബാബർ വ്യക്തമാക്കിയിട്ടുണ്ട്.
അടുത്തിടെയായി ബാബറിന്റെ മോശം പ്രകടനത്തിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞ കുറച്ചു കാലമായി ഏകദിന, ടി ട്വന്റി മത്സരങ്ങളിൽ താരത്തിന് കാര്യമായ പ്രകടനം നടത്താനായിട്ടില്ല.
ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ ബാബറിനു പകരമായി ഷഹീൻ ഷാ അഫ്രീദിയോ മുഹമ്മദ് റിസ്വാനോ നായക സ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചന.