ചറ്റോഗ്രാം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഫോളോ ഓൺ വഴങ്ങിയ ബംഗ്ലദേശ് ഇന്നിംഗ്സ് തോൽവിയിലേക്ക്. രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകർച്ചയെ നേരിടുന്ന ബംഗ്ലാദേശ് ഏഴുവിക്കറ്റ് നഷ്ടത്തിൽ 79 റൺസെന്ന നിലയിലാണ്.
ഒന്നാം ഇന്നിംഗ്സിൽ 159 റൺസിന് ഓൾഔട്ടായ ബംഗ്ലദേശിനെ ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ മാർക്രം ഫോളോഓൺ ചെയ്യിപ്പിച്ചു ബാറ്റിംഗിനയയ്ക്കുകയായിരുന്നു.
അഞ്ചുറൺസുമായി മഹിദുൽ ഇസ്ലാം അങ്കണും റണ്ണൊന്നുമെടുക്കാതെ തൈജുൽ ഇസ്ലാമുമാണ് ക്രീസിൽ. നാലുവിക്കറ്റ് മാത്രം അവശേഷിക്കേ ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ ആതിഥേയർക്കു വേണ്ടത് 337 റൺസാണ്.
മഹ്മൂദ് ഹസൻ ജോയ് (11), ഷദ്മാൻ ഇസ്ലാം (ആറ്), സാക്കിർ ഹസൻ (ഏഴ്), മോമിനുൾ ഹഖ് (പൂജ്യം), മുഷ്ഫിഖുർ റഹിം (രണ്ട്), മെഹിദി ഹസൻ മിറാസ് (ആറ്), നജ്മുൽ ഹുസൈൻ ഷാന്റോ (36) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. അഞ്ചു ബാറ്റർമാർ രണ്ടക്കംപോലും കാണാതെ പുറത്തായി.
ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി 24 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ സെനുരൻ മുത്തുസാമിയാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയത്. കേശവ് മഹാരാജ് രണ്ടും ഡെയ്ൻ പാറ്റേഴ്സൻ ഒരുവിക്കറ്റും വീഴ്ത്തി.
നേരത്തെ, ഒന്നാം ഇന്നിംഗ്സിൽ ബംഗ്ലദേശ് 45.2 ഓവറിൽ 159 റൺസിന് എല്ലാവരും പുറത്തായിരുന്നു. ഒരു ഘട്ടത്തിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 48 റൺസ് എന്ന നിലയിൽ തകർന്ന ബംഗ്ലദേശിനെ ഒൻപതാം വിക്കറ്റിൽ മോമിനുൽ ഹഖ് – തയ്ജുൽ ഇസ്ലാം സഖ്യം പടുത്തുയർത്തിയ സെഞ്ചുറി കൂട്ടുകെട്ടാണ് (103) വൻ നാണക്കേടിൽ നിന്നു കരകയറ്റിയത്.
112 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും സഹിതം 82 റൺസെടുത്ത മോമിനുൽ ഹഖാണ് ടോപ് സ്കോറർ. തയ്ജുൽ ഇസ്ലാം 95 പന്തിൽ ഒരു ഫോർ സഹിതം 30 റൺസെടുത്തു. ഇവർക്കു പുറമേ 10 റൺസെടുത്ത ഓപ്പണർ മഹ്മൂദ് ഹസൻ ജോയ്ക്ക് മാത്രമേ രണ്ടക്കം കാണാനായുള്ളൂ.
ഒന്നാമിന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയ്ക്കായി പേസ് ബോളർ കഗീസോ റബാഡ ഒൻപത് ഓവറിൽ 37 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. ഡെയ്ൻ പാറ്റേഴ്സൻ, കേശവ് മഹാരാജ് എന്നിവർ രണ്ടും സെനുരൻ മുത്തുസാമി ഒരു വിക്കറ്റും വീഴ്ത്തി.