ഇതിഹാസ താരം !  ഐ.സി.സി ഹാൾ ഓഫ് ഫെയിമിൽ ധോണിയും

New Update
S

ഡൽഹി: മഹാന്മാരായ താരങ്ങളടങ്ങിയ ഐ.സി.സി ഹാൾ ഓഫ് ഫെയിമിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ധോണിയെയും ഉൾപ്പെടുത്തി. 

Advertisment

നായകന്മാരുടെ പട്ടികയിൽ അഗ്രഗണ്യനായ ധോണി, 2007 ട്വന്റി20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു. 2013 ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യക്ക് നേടിക്കൊടുത്തതും ധോണിയുടെ നായകത്വമായിരുന്നു.

ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ 2009ൽ ഒന്നാം സ്ഥാനത്തെത്തുമ്പോഴും ധോണിയായിരുന്നു ഇന്ത്യൻ നായകൻ. ഹാൾ ഓഫ് ഫെയിമിൽ ഇടം നേടുന്ന 11-ാമത് ഇന്ത്യൻ താരമാണ് ധോണി. ഇന്ത്യയ്ക്കായി 538 രാജ്യാന്തര മത്സരങ്ങൾ കളിച്ച ധോണി 17,266 റൺസ് നേടിയിട്ടുണ്ട്. 

വിക്കറ്റിന് പിന്നിലെ വിശ്വസ്ത കാവൽക്കാരനായ താരം 829 പുറത്താക്കലുകളിലും പങ്കാളിയായി. സുനിൽ ഗവാസ്കർ, സചിൻ ടെണ്ടുൽക്കർ, വീരേന്ദർ സെവാഗ്, ഡയാന എഡുൽജി, അനിൽ കുംബ്ലെ, ബിഷൻ സിങ് ബേദി, കപിൽ ദേവ്, രാഹുൽ ദ്രാവിഡ്, വിനു മങ്കാദ്, നീതു ഡേവിഡ് എന്നിവരാണ് മഹിക്കുമുമ്പ് കളിയുടെ മഹിതസഭയിൽ ഇടംപിടിച്ച ഇന്ത്യക്കാർ.

ധോണിക്കൊപ്പം മറ്റ് ആറ് കളിക്കാരെക്കൂടി ഐ.സി.സി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആസ്‌ട്രേലിയയുടെ മാത്യു ഹെയ്ഡൻ, മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഗ്രേയം സ്മിത്ത്, മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ ഡാനിയേൽ വെട്ടോറി, ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ ഹാഷിം അംല, മുൻ പാകിസ്ഥാൻ വനിതാ ക്യാപ്റ്റൻ സന മിർ, ഇംഗ്ലണ്ടിന്റെ സാറാ ടെയ്‌ലർ എന്നിവരാണ് മറ്റുള്ളവർ.