മിന്നു മണിക്ക് 3 വിക്കറ്റ്, ഓസ്‌ട്രേലിയന്‍ വനിതകളെ തകര്‍ത്ത് പരമ്പര ഉറപ്പിച്ച് ഇന്ത്യ

New Update
Minnu-Mani-aims-for-a-stronger-One-day-performance-against-hosts-Australia-A-1200x900

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയ വനിത എ ടീമിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ വനിതാ എ ടീം. രണ്ടാം ഏകദിനത്തില്‍ 2 വിക്കറ്റ് വിജയം ആഘോഷിച്ചാണ് ഇന്ത്യ 3 മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിനു ഉറപ്പാക്കിയത്. 

Advertisment

രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് വനിതകള്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്തു. ഇന്ത്യന്‍ വനിതകള്‍ 49.5 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സെടുത്താണ് വിജയവും പരമ്പരയും ഉറപ്പാക്കിയത്.

വിജയം തേടിയിറങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍ യസ്തിക ഭാട്ടിയ, ക്യാപ്റ്റന്‍ രാധ യാദവ്, തനുജ കന്‍വര്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. യസ്തികയാണ് ടോപ് സ്‌കോറര്‍. താരം 66 റണ്‍സെടുത്തു. രാധ യാദവ് 60 റണ്‍സും തനുജ 50 റണ്‍സും അടിച്ചെടുത്തു. പ്രേമ റാവത്ത് പുറത്താകാതെ 32 റണ്‍സും കണ്ടെത്തി.

ഓസീസ് നിരയില്‍ ജോര്‍ജിയ പ്രെസ്റ്റ്‌വിഡ്ജ്, അമി എഡ്ജര്‍, എല്ല ഹെയ്‌വാര്‍ഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. കിം ഗാര്‍ത് ഒരു വിക്കറ്റെടുത്തു.

നേരത്തെ മലയാളി താരം മിന്നു മണിയുടെ മികച്ച ബൗളിങാണ് ഓസീസിനെ 265ല്‍ ഒതുക്കിയത്. താരം 10 ഓവറില്‍ 46 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി. സൈമ ഠാക്കൂര്‍ രണ്ട് വിക്കറ്റെടുത്തു. ടിറ്റസ് സാധു, രാധ യാദവ്, പ്രേമ റാവത്ത്, തനുജ കന്‍വര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ഓസ്‌ട്രേലിയക്കായി ഓപ്പണര്‍ അലിസ ഹീലി 87 പന്തില്‍ 91 റണ്‍സെടുത്ത് ടോപ് സ്‌കോററായി. വാലറ്റത്ത് 41 റണ്‍സെടുത്ത കിം ഗാര്‍താണ് തിളങ്ങിയ മറ്റൊരു താരം. എല്ല ഹെയ്‌വാര്‍ഡ് 28 റണ്‍സുമായി പൊരുതി.

Advertisment