വിശാഖപട്ടണം: ലോകകപ്പ് വിജയത്തിന് പിന്നാലെ വ്യാഴാഴ്ച തുടങ്ങുന്ന ഇന്ത്യയ്ക്കെതിരായ ട്വന്റി-20 പരമ്പരയിൽ നിന്നും വെറ്ററൻ ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ പിന്മാറി.
വാർണർക്ക് പുറമേ നായകൻ പാറ്റ് കമ്മിൻസ്, ജോഷ് ഹേസിൽവുഡ്, മിച്ചൽ സ്റ്റാർക്ക്, മിച്ചൽ മാർഷ്, കാമറൂണ്‍ ഗ്രീൻ തുടങ്ങിയ താരങ്ങളും പരമ്പരയിൽ കളിക്കില്ല. ഡിസംബറിൽ പാക്കിസ്ഥാനെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇവർ നാട്ടിലേക്ക് മടങ്ങി.
ലോകപ്പിൽ മിന്നും പ്രകടനം കാഴ്ചവച്ച വാർണർ 48.63 ശരാശരിയിൽ 535 റണ്‍സ് നേടിയിരുന്നു. നാട്ടിൽ നടക്കുന്ന പാക്കിസ്ഥാനെതിരായ പരമ്പരയോടെ ടെസ്റ്റിനോട് വിടപറയുമെന്ന് വാർണർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ടീം: മാത്യു വേഡ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, സ്റ്റീവൻ സ്മിത്ത്, ഗ്ലെൻ മാക്സ്വെൽ, മാത്യു ഷോർട്ട്, മാർകസ് സ്റ്റോയിനസ്, ടിം ഡേവിഡ്, ജോഷ് ഇംഗ്ലിഷ്, ആരോണ്‍ ഹാർഡി, ജേസണ്‍ ബെഹറൻഡോർഫ്, ഷോണ്‍ ആബട്ട്, നഥാൻ എല്ലിസ്, കെയ്ൻ റിച്ചാർഡ്സൻ, ആദം സാംപ, തൻവീർ സംഗ.