ഇം​ഗ്ലണ്ടിനെ എറിഞ്ഞിട്ട് സിറാജ് നേടിയത് 6 വിക്കറ്റ്, 4 പേരെ മടക്കി ആകാശ് ദീപും; ഇന്ത്യക്ക് 180 റണ്‍സിന്റെ നിര്‍ണായക ലീഡ്

New Update
siraj

ബര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 180 റണ്‍സിന്റെ നിര്‍ണായക ലീഡ് പിടിച്ചെടുത്ത് ഇന്ത്യ. 84 റണ്‍സ് ചേര്‍ക്കുന്നതിനിടെ 5 വിക്കറ്റുകള്‍ നഷ്ടമായി പരുങ്ങിയ ഇംഗ്ലണ്ടിനെ ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഹാരി ബ്രൂക്ക്- ജാമി സ്മിത്ത് സഖ്യം അവിശ്വസനീയമാം വിധം കരകയറ്റുകയായിരുന്നു. 

Advertisment

ഇരുവരും സെഞ്ച്വറി നേടി ഇന്ത്യന്‍ ബൗളര്‍മാരെ വട്ടംകറക്കി. ഈ കൂട്ടുകെട്ട് പൊളിച്ചതിനു പിന്നാലെ ശേഷിച്ച നാല് വിക്കറ്റുകള്‍ ഇന്ത്യ അതിവേഗം വീഴ്ത്തി ഇംഗ്ലണ്ടിനെ 407 റണ്‍സില്‍ പുറത്താക്കി. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 587 റണ്‍സെടുത്തിരുന്നു.

ജസ്പ്രിത് ബുംറയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജാണ് പോരാട്ടം ഏറ്റെടുത്തത്. ഒപ്പം ബുംറയുടെ പകരം പ്ലെയിങ് ഇലവനില്‍ എത്തിയ ആകാശ് ദീപും ചേര്‍ന്നതോടെ ഇംഗ്ലണ്ടിന്റെ കൗണ്ടര്‍ അറ്റാക്ക് മൂന്നാം ദിനത്തില്‍ മൂന്നാം സെഷനില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്കായി. സിറാജ് 6 വിക്കറ്റുകളും ആകാശ് ദീപ് 4 വിക്കറ്റുകളും സ്വന്തമാക്കി.

184 റണ്‍സുമായി പുറത്താകാതെ നിന്നു പോരാട്ടം ഇന്ത്യന്‍ ക്യാംപിലേക്ക് നയിച്ച ജാമി സ്മിത്തിന് പിന്തുണയ്ക്കാന്‍ ആളില്ലാതെ കന്നി ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാകാത്ത സ്വപ്‌നമായി അവശേഷിപ്പിക്കേണ്ടി വന്നു. എങ്കിലും ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ ഇന്നിങ്‌സാണ് താരം എഡ്ജ്ബാസ്റ്റണില്‍ കളിച്ചത്. കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ച്വറിയാണ് 24കാരന്‍ കുറിച്ചത്.

207 പന്തില്‍ 21 ഫോറും 4 സിക്‌സും സഹിതം സ്മിത്ത് 184 റണ്‍സെടുത്തു. ബ്രൂക്ക് 234 പന്തില്‍ 17 ഫോറും ഒരു സിക്‌സും സഹിതം 158 റണ്‍സും കണ്ടെത്തി.

Advertisment