ബിർമിങ്ഹാം: രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി നേടി ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ. 129 പന്തിലാണ് താരം സെഞ്ചുറി അടിച്ചത്. ഇന്ത്യക്കായി കെ.എൽ. രാഹുലും വിക്കറ്റ് കീപ്പർ ഋഷഭ് പന്തും അർധ സെഞ്ച്വറി നേടി.
ഇന്ത്യയുടെ ലീഡ് 500ലേക്ക് അടുക്കുകയാണ്. നിലവിൽ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 67 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 304 റൺസെടുത്തിട്ടുണ്ട് -ലീഡ് 484.
ഒന്നാം ഇന്നിങ്സിൽ ഗില്ലിന്‍റെ ഇരട്ട സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ 587 എന്ന വമ്പൻ സ്കോറിലെത്തിയത്. 387 പന്തിൽ 269 റൺസാണ് ഗിൽ നേടിയത്.
ഒന്നര ദിവസം മാത്രം ബാക്കി നിൽക്കെ വമ്പൻ ലീഡ് നേടി ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യയുടെ റൺമല മറികടക്കുക ആതിഥേയർക്ക് അസാധ്യമാകും. ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് പരമ്പരയിൽ ഒപ്പംപിടിക്കാനാകുമെന്നാണ് ഗില്ലിന്‍റെയും സംഘത്തിന്‍റെയും പ്രതീക്ഷ. ഗില്ലിനൊപ്പം 25 റൺസുമായി രവീന്ദ്ര ജദേജയണ് ക്രീസിൽ.