/sathyam/media/media_files/2025/08/02/2649311-india-test-2025-08-02-18-32-55.webp)
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ഓവൽ ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. ഓപ്പണർമാരായ യശസ്വി ജയ്സ്വാളിന്‍റെയും നൈറ്റ് വാച്ച്മാനായി ഇറങ്ങിയ ആകാശ് ദീപിന്‍റെയും അർധ സെഞ്ച്വറി കരുത്തിൽ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തിട്ടുണ്ട്.
സന്ദർശകർക്ക് 166 റൺസിന്‍റെ ലീഡ്. ജയ്സ്വാളും (106 പന്തിൽ 85 റൺസ്) നായകൻ ശുഭ്മൻ ഗില്ലുമാണ് (എട്ടു പന്തിൽ 11) ക്രീസിൽ. തകർപ്പൻ ഇന്നിങ്സുമായി കളംനിറഞ്ഞ ആകാശ് ദീപിന്‍റെ വിക്കറ്റാണ് ഇന്ന് ഇന്ത്യക്ക് നഷ്ടമായത്.
94 പന്തിൽ 12 ഫോറടക്കം 66 റൺസെടുത്താണ് താരം പുറത്തായത്. ടെസ്റ്റ് കരിയറിലെ കന്നി അര്‍ധ സെഞ്ച്വറിയാണിത്. കെ.എൽ. രാഹുൽ (28 പന്തിൽ ഏഴ്), സായി സുദർശൻ (29 പന്തിൽ 11) എന്നിവർ ഇന്നലെ പുറത്തായിരുന്നു.
കരിയറിലെ 12ാമത്തെ അർധ സെഞ്ച്വറിയാണ് ഓവലിൽ ജയ്സ്വാൾ കുറിച്ചത്. പരമ്പരയിലെ മൂന്നാമത്തെ അർധ സെഞ്ച്വറിയും.
23 വയസ്സിൽ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതൽ 50 പ്ലസ് സ്കോർ നേടുന്ന താരമായി ഇതോടെ ജയ്സ്വാൾ. 19 ഇന്നിങ്സുകളിൽനിന്നായി ഒമ്പതു തവണയാണ് താരം 50 പ്ലസ് സ്കോർ നേടിയത്.
ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറെയാണ് താരം മറികടന്നത്. സചിൻ 14 ഇന്നിങ്സുകളിൽനിന്നായി എട്ടു തവണയാണ് 50 പ്ലസ് സ്കോർ നേടിയത്. ടെസ്റ്റിൽ ഏഴാം സെഞ്ച്വറിയിലേക്ക് ജയ്സ്വാളിന് 15 റൺസിന്‍റെ ദൂരം മാത്രമാണുള്ളത്.