/sathyam/media/media_files/TXOWsaE4GMkSd2A1ginq.jpg)
ട്രിനിഡാഡ്: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് തോൽവി. നാല് റണ്‍സിനായിരുന്നു വിൻഡീസിന്റെ ജയം. സ്കോർ: വെസ്റ്റ് ഇൻഡീസ് 149-6, ഇന്ത്യ 145-9.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസിനായി ഓപ്പണർമാർ നാല് ഓവറിൽ 29 റണ്‍സ് നേടി. എന്നാൽ, അഞ്ചാം ഓവറിൽ യുസ്വേന്ദ്ര ചാഹൽ രണ്ട് വിക്കറ്റ് വീഴ്ത്തി തിരിച്ചടിച്ചു. കെയ്ൽ മയേഴ്സിനെയും (1), ബ്രണ്ടൻ കിംഗിനെയുമാണ് (19 പന്തിൽ 28) ചാഹൽ തന്റെ ആദ്യ ഓവറിൽ പുറത്താക്കിയത്.
പിന്നീട് മധ്യനിരയിൽ നിക്കോളാസ് പുരാനും (34 പന്തിൽ 41), ക്യാപ്റ്റൻ റോവ്മാൻ പവലും (32 പന്തിൽ 48) നടത്തിയ പോരാട്ടമാണ് വെസ്റ്റ് ഇൻഡീസിനെ മാന്യമായ സ്കോറിൽ എത്തിച്ചത്. റൊമാരിയൊ ഷെപ്പേഡ് (4), ജേസണ്‍ ഹോൾഡർ (6) എന്നിവർ പുറത്താകാതെ നിന്നു.
ഇന്ത്യക്കുവേണ്ടി അർഷദീപ് സിംഗ് 31 റണ്‍സ് വഴങ്ങിയും യുസ്വേന്ദ്ര ചാഹൽ 24 റണ്‍സ് വിട്ടുനൽകിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഹാർദിക് പാണ്ഡ്യയും കുൽദീപ് യാദവും ഓരോ വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം മുതൽ കണക്കുകൾ പിഴച്ചു. ഓപ്പണറുമാരായ ഇഷാൻ കിഷനും (6) ശുഭ്മാൻ ഗില്ലും (3) വേഗം പവലിയനിലേക്ക് മടങ്ങിയത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി.
സൂര്യകുമാർ യാദവും (21) തിലക് വർമ്മയും (39) വിൻഡീസ് ബൗളിംഗിനെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും അവർക്കും കണക്കുകൾ പിഴച്ചു. തിലക് വർമ്മയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ.
ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (19), സഞ്ജു സാംസണ് (12), അക്സർ പട്ടേൽ (13) എത്തിവർക്കും തിളങ്ങാനായില്ല. വിൻഡീസിനായി ഒബെദ് മക്കോയി, ജയ്സണ്‍ ഹോൾഡർ, റൊമാരിയൊ ഷെപ്പേഡ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.