കൂറ്റൻ സ്കോർ പിന്തുടർന്ന കൊല്‍ക്കത്ത 4 റണ്‍സിനു പൊരുതി വീണു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ത്രില്ലർ ജയം

New Update
d

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഉയർത്തിയ കൂറ്റൻ സ്കോർ പിന്തുടർന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് 4 റണ്‍സിനു പൊരുതി വീണു.

Advertisment

ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി. മറുപടി അതേ നാണയത്തില്‍ നല്‍കിയ കൊല്‍ക്കത്ത ഒരു ഘട്ടത്തില്‍ അനായാസം ജയിക്കുമെന്നു തോന്നിച്ചു. 

എന്നാല്‍ അവരുടെ പോരാട്ടം 7 വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സില്‍ അവസാനിച്ചു. 6.2 ഓവറില്‍ കൊല്‍ക്കത്ത 91 റണ്‍സിലെത്തിയിരുന്നു. 13 ഓവറില്‍ അവര്‍ 162 റണ്‍സും കണ്ടെത്തി. എന്നിട്ടും ലക്ഷ്യത്തിലെത്താന്‍ അവര്‍ക്ക് സാധിച്ചില്ല.


ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. താരം 8 ഫോറും 2 സിക്‌സും സഹിതം 35 പന്തില്‍ 61 റണ്‍സെടുത്തു. വെങ്കടേഷ് അയ്യര്‍ 29 പന്തില്‍ 45 റണ്‍സ് കണ്ടെത്തി. ഓപ്പണര്‍ സുനില്‍ നരെയ്ന്‍ 13 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം 30 റണ്‍സെടുത്തു.


അവസാന പ്രതീക്ഷയായ റിങ്കു സിങു പരമാവധി ശ്രമിച്ചെങ്കിലും അന്തിമ ജയത്തിനു നാല് റണ്‍സ് അകലെ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. താരം 15 പന്തില്‍ 6 ഫോറും 2 സിക്‌സും സഹിതം 38 റണ്‍സുമായി പുറത്താകാതെ നിന്നു.

എയ്ഡന്‍ മാര്‍ക്രം - മിച്ചല്‍ മാര്‍ഷ് സഖ്യവും പിന്നാലെ എത്തിയ നിക്കോളാസ് പൂരാനും ചേര്‍ന്നു സംഹാര താണ്ഡവമാടി. വൈഭവ് അറോറയും വരുണ്‍ ചക്രവര്‍ത്തിയും ഒഴികെയുള്ളവര്‍ ശരിക്കും തല്ലു വാങ്ങി. ആന്ദ്രെ റസ്സല്‍ എറിഞ്ഞ 18ാം ഓവറില്‍ 24 റണ്‍സാണ് പൂരാന്‍ അടിച്ചെടുത്തത്.

വെറും 36 പന്തില്‍ 8 സിക്‌സും 7 ഫോറും സഹിതം നിക്കോളാസ് പൂരാന്‍ 87 റണ്‍സ് വാരി. മിച്ചല്‍ മാര്‍ഷ് 48 പന്തില്‍ 5 സിക്‌സും 6 ഫോറും സഹിതം 81 റണ്‍സ് കണ്ടെത്തി. മാര്‍ക്രം 28 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം 47 റണ്‍സും കണ്ടെത്തി.

എയ്ഡന്‍ മാര്‍ക്രം- മിച്ചല്‍ മാര്‍ഷ് സഖ്യം 99 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്. മാര്‍ഷ്- പൂരാന്‍ സഖ്യം 71 റണ്‍സും കൂട്ടിച്ചേര്‍ത്തു. കെകെആറിനായി ഹര്‍ഷിത് റാണ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ആന്ദ്ര റസ്സല്‍ ഒരു വിക്കറ്റെടുത്തു.