ഹൈദരാബാദ്: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ ഗംഭീര വിജയം നേടി സൺറൈസേഴ്സ് ഹൈദരാബാദ്. പഞ്ചാബിനെ എട്ട് വിക്കറ്റിനാണ് ഹൈരാബാദ് തകർത്തത്
പഞ്ചാബ് ഉയർത്തിയ 246 റൺസ് വിജയലക്ഷ്യം ഒന്പത് പന്തുകൾ ബാക്കി നിൽക്കെ ഹൈദരാബാദ് മറികടന്നു. സെഞ്ചുറി നേടിയ അഭിഷേക് ശർമയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് പഞ്ചാബിന്റെ റൺമല ഹൈദരാബാദ് കീഴടക്കിയത്.
141 റൺസാണ് അഭിഷേക് എടുത്തത്. വെറും 55 ബോളിലാണ് അഭിഷേക് വന്പൻ സ്കോർ നേടിയത്. 14 ബൗണ്ടറിയും 10 സിക്സും അടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിംഗ്സ്.
37 പന്തിൽ 66 റൺസെടുത്ത ട്രാവിസ് ഹെഡും മികച്ച പ്രകടനമാണ് നടത്തിയത്. ഒന്പത് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ഹെഡിന്റെ ഇന്നിംഗ്സ്.
ഹെഡും അഭിഷേകും ചേർന്ന് 171 റൺസാണ് ഓപ്പണിംഗ് വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ഇരുവരും വിജയത്തിനടുത്ത് മടങ്ങിയെങ്കിലും ക്ലാസൺ മത്സരം ഫിനിഷ് ചെയ്തു. 14 പന്തിൽ 21 റൺസാണ് ക്ലാസൺ എടുത്തത്.
പഞ്ചാബിന് വേണ്ടി അർഷ്ദീപ് സിംഗും യുഷ്വേന്ദ്ര ചാഹലും ഓരോ വിക്കറ്റ് വീതം എടുത്തു. വിജയത്തോടെ സൺറൈസേഴ്സ് ഹൈദരാബാദിന് നാല് പോയിന്റായി. കഴിഞ്ഞ നാല് മത്സരങ്ങളിലും പരാജയപ്പെട്ട ഹൈദരാബാദിന് വിജയവഴിയിൽ തിരിച്ചെത്താനും ഇതോടെ സാധിച്ചു.