ലഖ്നോ: ഐ.പി.എല്ലിൽ ലഖ്നോ സൂപ്പർ ജയന്‍റ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 167 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നോ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 166 റൺസെടുത്തത്.
സീസണിൽ നായകൻ ഋഷഭ് പന്ത് ആദ്യമായി ഫോം കണ്ടെത്തിയിട്ടും ചെന്നൈക്കെതിരെ സീസണിലെ ഏറ്റവും ചെറിയ സ്കോറാണ് ടീം കുറിച്ചത്. 49 പന്തിൽ നാലു സിക്സും നാലു ഫോറുമടക്കം 63 റൺസെടുത്താണ് പന്ത് പുറത്തായത്.
മതീഷ പതിരനയുടെ പന്തിൽ വിക്കറ്റ് കീപ്പർ ധോണിക്ക് ക്യാച്ച് നൽകിയാണ് താരം ഔട്ടായത്. മിച്ചൽ മാർഷും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 25 പന്തിൽ 30 റൺസ്.
മറ്റു ബാറ്റർമാർക്കൊന്നും ക്രീസിൽ നിലയുറപ്പിക്കാനായില്ല. ചെന്നൈയുടെ കണിശമായ ബൗളിങ്ങാണ് ലഖ്നോവിനെ പിടിച്ചുകെട്ടിയത്. അവസാന ഓവറുകളിൽ പന്ത് നടത്തിയ വമ്പനടികളാണ് ടീമിനെ പൊരുതാനുള്ള സ്കോറിലെത്തിച്ചത്.
എയ്ഡൻ മാർക്രം (ആറു പന്തിൽ ആറു), മിക്കോളാസ് പൂരാൻ (ഒമ്പത് പന്തിൽ എട്ട്), ആയുഷ് ബദോനി (17 പന്തിൽ 22), അബ്ദുൽ സമദ് (11 പന്തിൽ 20), ഷാർദൂൽ ഠാകൂർ (നാലു പന്തിൽ ആറ്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
റണ്ണൊന്നും എടുക്കാതെ ഡേവിഡ് മില്ലർ പുറത്താകാതെ നിന്നു. ചെന്നൈക്കായി രവീന്ദ്ര ജദേജ, പതിരന എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഖലീൽ അഹ്മദ്, അൻശുൽ കംബോജ് എന്നിവർ ഓരോ വിക്കറ്റും നേടി.