ചണ്ഡിഗഡ്: ഐപിഎല്ലില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ പഞ്ചാബ് കിംഗ്സിന് ജയം. 112 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കോല്‍ക്കത്ത 15.1 ഓവറില്‍ 95ന് എല്ലാവരും പുറത്തായതോടെ 16 റണ്‍സിന്റെ ജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്.
സ്കോർ: പഞ്ചാബ് 111/10 (15.3) കോല്‍ക്കത്ത 95/10 (15.1). നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത യൂസ്വേന്ദ്ര ചാഹലാണ് പഞ്ചാബിന്റെ വിജയശില്പി. മാര്‍ക്കോ ജാന്സെന് മൂന്നു വിക്കറ്റ് വീഴ്ത്തി. 28 പന്തില്‍ 37 റണ്‍സ് നേടിയ രഘുവന്‍ഷിയാണ് കോല്ക്കത്തത്തയുടെ ടോപ് സ്കോറര്‍.
പഞ്ചാബ് ഉയര്‍ത്തിയ 112 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കോല്‍ക്കത്തയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഏഴു റണ്‍സിനിടെ ഓപ്പണര്‍മാരായ സുനില്‍ നരെയ്നെയും (അഞ്ച്), ക്വിന്റണ്‍ ഡിക്കോക്കിനെയും (രണ്ട്) അവര്‍ക്ക് നഷ്ടമായി.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ - ആംഗ്രിഷ് രഘുവംശി സഖ്യം 55 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ കോല്‍ക്കത്തയ്ക്ക് പ്രതീക്ഷയായി. പക്ഷെ ഇവർ രണ്ടു പേരും പുറത്തായതോടെ കോൽക്കത്തയുടെ പതനം തുടങ്ങി.
62-2 എന്ന നിലയിൽ നിന്ന് 79-8 എന്ന നിലയിലേക്ക് കോൽക്കത്ത വീണു. ഒരു ഭാഗത്ത് റസൽ നിന്നത് മാത്രമായിരുന്നു കോൽക്കത്തയുടെ പ്രതീക്ഷ. ചാഹലിന്റെ അവസാന ഓവറിൽ 16 റൺസ് റസൽ അടിച്ചതോടെ ജയിക്കാൻ ആറ് ഓവറിൽ 17 റൺസ്. പക്ഷെ എട്ടു വിക്കറ്റ് അപ്പോൾ നഷ്ടമായിരുന്നു.
അടുത്ത ഓവറിൽ അർഷദീപ് വൈഭവിനെ പുറത്താക്കി. ഇതോടെ ഒരു വിക്കറ്റും 17 റൺസും എന്നായി. അടുത്ത ഓവർ എറിയാൻ എത്തിയത് ജാൻസൺ. ആദ്യ പന്തിൽ റസലിനെ പുറത്താക്കി പഞ്ചാബിന് വിജയം സ്വന്തമാക്കി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബ് 15.3 ഓവറില്‍ 111 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ ഹര്‍ഷിത് റാണ, രണ്ട് വിക്കറ്റ് വീതം നേടിയ വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന് എന്നിവരാണ് പഞ്ചാബിനെ തകര്‍ത്തത്. 30 റണ്‍സ് നേടിയ പ്രഭ്സിമ്രാന് സിംഗാണ് ടോപ് സ്കോറര്‍.