കൊൽക്കത്ത: ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 199 റൺസ് വിജയലക്ഷ്യം. ഓപണർമാരായ സായ് സുദർശനും (52) ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും (90) നേടിയ അർധ സെഞ്ച്വറികളുടെ കരുത്തിലാണ് ആതിഥേയർ പൊരുതാവുന്ന സ്കോർ കണ്ടെത്തിയത്.
41 റൺസ് നേടി പുറത്താകാതെനിന്ന ജോസ് ബട്ട്ലറും ടൈറ്റൻസ് നിരയിൽ തിളങ്ങി. നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് ടീം 198 റൺസ് നേടിയത്.
മത്സരത്തിൽ ടോസ് നേടിയ കൊൽക്കത്ത ഗുജറാത്ത് ടീമിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തിടുക്കപ്പെടാതെ ഇന്നിങ്സ് പടുത്തുയർത്തിയ ടൈറ്റൻസ് ഓപണർമാർ ഒന്നാം ഇന്നിങ്സിൽ സെഞ്ച്വറി പാർട്നർഷിപ് ഉയർത്തി. 13-ാം ഓവറിൽ സായ് സുദർശനെ പുറത്താക്കി ആന്ദ്രേ റസ്സലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
36 പന്തിൽ ആറ് ഫോറും ഒരു സിക്സും സഹിതം 52 റൺസ് നേടിയ സായ്, റഹ്മാനുല്ല ഗുർബാസിന് ക്യാച്ച് സമ്മാനിച്ചാണ് കൂടാരം കയറിയത്. പിന്നാലെ ജോസ് ബട്ട്ലർ ക്രീസിലെത്തിയതോടെ ഗുജറാത്തിന്റെ റൺനിരക്ക് ഉയർന്നു.
55 പന്തുകള്ല് നേരിട്ട ടൈറ്റൻസ് ക്യാപ്റ്റൻ ഗിൽ പത്ത് ഫോറും മൂന്ന് സിക്സും സഹിതം 90 റൺസാണ് അടിച്ചെടുത്തത്.