മുംബൈ: ഐപിഎല്ലിൽ പങ്കെടുക്കുന്ന വിദേശ താരങ്ങൾക്ക് മേലുള്ള നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി ഇന്ത്യൻ പ്രീമിയർ ലീഗ് ഗവേണിങ് കൗൺസിൽ. സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തുന്ന താര ലേലത്തിൽ പങ്കെടുക്കണമെങ്കിൽ ഇനി മുതൽ വിദേശ താരങ്ങൾ രജിസ്‌ട്രേഷൻ പ്രക്രിയ പൂർത്തിയാക്കേണ്ടതുണ്ട്.
ഇത്തരത്തിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയാൽ മാത്രമേ ലേലത്തിൽ പങ്കെടുക്കാൻ കഴിയുകയുള്ളൂ. ഏതെങ്കിലും സാഹചര്യത്തിൽ രജിസ്‌ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത സീസണിൽ കളിക്കാനും കഴിയില്ല.
ലേലത്തിൽ പങ്കെടുത്ത് പിന്നീട് പിന്മാറുന്ന താരങ്ങൾക്കുമേലും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ലേലത്തിൽ പങ്കെടുത്ത് ഏതെങ്കിലും ഫ്രാൻഞ്ചൈസിയിൽ അംഗമായ ശേഷം പിന്നീട് കളിക്കാതെ പിന്മാറിയാൽ അടുത്ത രണ്ട് സീസണിൽ വിലക്ക് നേരിടേണ്ടി വരും എന്നതാണ് പുതിയ നടപടി. ശനിയാഴ്ച നടന്ന ഐപിഎൽ ഗവേണിങ് കൗൺസിൽ യോഗത്തിലാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്.