/sathyam/media/media_files/2025/08/21/kcl-2-2025-08-21-22-54-17.jpg)
തിരുവനന്തപുരം: കെ.സി.എൽ സീസൺ-2-ന് ആവേശകരമായ തുടക്കം. കാലിക്കറ്റ് ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ 22 പന്തിൽ നിന്ന് 54 റൺസ് നേടി തകർപ്പൻ അർധസെഞ്ചുറി സ്വന്തമാക്കിയിട്ടും, ആവേശം നിറഞ്ഞ മത്സരത്തിൽ ഏരീസ് കൊല്ലം സെയിലേഴ്‌സ് കാലിക്കറ്റിനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി.
കാലിക്കറ്റിന്റെ ഇന്നിങ്‌സ് മുന്നോട്ട് നയിച്ചത് രോഹൻ കുന്നുമ്മലാണ്. ഓപ്പണറായി ഇറങ്ങിയ രോഹൻ തുടക്കം മുതൽ തന്നെ ആക്രമിച്ച് കളിച്ചു. 22 പന്തിൽ 54 റൺസെടുത്ത രോഹന്റെ ബാറ്റിൽ നിന്ന് മൂന്ന് ഫോറുകളും ആറ് കൂറ്റൻ സിക്‌സറുകളും പിറന്നു.
48 റൺസിൽ നിൽക്കെ സിക്‌സറടിച്ചാണ് രോഹൻ അർധസെഞ്ചുറി പൂർത്തിയാക്കിയത്. മറുവശത്ത് സച്ചിൻ സുരേഷ് (13 പന്തിൽ 10), അഖിൽ സ്കറിയ (12 പന്തിൽ 7) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായപ്പോഴും രോഹൻ ക്രീസിൽ ഉറച്ചുനിന്നു.
കൊല്ലം സെയിലേഴ്‌സ് ബൗളർമാരായ ഏദൻ ആപ്പിൾ ടോമിനെയും അമൽ ഇ.ജെ യെയും രോഹൻ അനായാസം നേരിട്ടു. ടീം സ്കോർ 76-ൽ നിൽക്കെയാണ് രോഹൻ പുറത്തായത്.
കഴിഞ്ഞ സീസണിലും കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനായി മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് രോഹൻ കുന്നുമ്മൽ. കഴിഞ്ഞ സീസണിൽ 11 മത്സരങ്ങളിൽ നിന്ന് 371 റൺസാണ് രോഹൻ നേടിയത്.