/sathyam/media/media_files/2025/08/20/1000214773-2025-08-20-20-35-28.webp)
മുംബൈ: ഐ.സി.സി വനിത ഏകദിന ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളിൽ ഇന്ത്യ എ സ്ക്വാഡിനെ മലയാളി താരം മിന്നുമണി നയിക്കും.
ഷഫാലി വർമ ഉൾപ്പെടെ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടാതിരുന്ന താരങ്ങളെയും സന്നാഹ മത്സരങ്ങൾക്കുള്ള 15 അംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ ആസ്ട്രേലിയ ‘എ’ക്കെതിരെ നടന്ന പരമ്പരയിൽ 2-1ന്‍റെ വിജയം നേടാൻ ഇന്ത്യൻ സംഘത്തിനായിരുന്നു. രാധാ യാദവായിരുന്നു അത്തവണ ക്യാപ്റ്റൻ.
വൈസ് ക്യാപ്റ്റനായിരുന്ന മിന്നുമണിക്ക് ഇത്തവണ ക്യാപ്റ്റൻസി ചുമതലയാണ് ബി.സി.സി.ഐ നൽകിയിരിക്കുന്നത്. മലയാളി താരം വി.ജെ. ജോഷിത, ഷബിനം ഷക്കീൽ എന്നിവരെ ഇത്തവണ ടീമിലേക്ക് പരിഗണിച്ചില്ല.
നേരത്തെ ലോകകപ്പ് സ്ക്വാഡിലെ 15 അംഗങ്ങൾക്കു പുറമെ മിന്നുമണി, തേജൽ ഹസബ്നിസ്, പ്രിയ മിശ്ര, പ്രേമ റാവത്ത്, ഉമ ഛേത്രി, സയാലി സത്ഘരെ എന്നിവരെ റിസർവ് താരങ്ങളായി ഉൾപ്പെടുത്തിയിരുന്നു.
സെപ്റ്റംബർ 28ന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യ എ ടീമിന്‍റെ സന്നാഹ മത്സരം നിശ്ചയിട്ടുള്ളത്. ഇംഗ്ലണ്ട് (സെപ്റ്റംബർ 25), ന്യൂസിലൻഡ് (സെപ്റ്റംബർ 27) ടീമുകൾക്കെതിരെ നടക്കുന്ന സന്നാഹ മത്സരങ്ങളിൽ എ ടീമാണോ സീനിയർ താരങ്ങളാണോ ഇറങ്ങുന്നതെന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്.
ലോകകപ്പിനുള്ള ഇന്ത്യ എ സ്ക്വാഡ്: മിന്നുമണി (ക്യാപ്റ്റൻ), ധാര ഗുജ്ജർ, ഷഫാലി വർമ, തേജൽ ഹസബ്നിസ്, വൃന്ദ ദിനേഷ്, ഉമ ഛേത്രി, നന്ദിനി കശ്യപ്, തനുശ്രീ സർക്കാർ, ടിറ്റസ് സന്ധു, സയാലി സത്ഘരെ, സൈമ താക്കൂർ, പ്രേമ റാവത്ത്, പ്രിയ മിശ്ര, രഘ്വി ബിസ്ത്.