/sathyam/media/media_files/7VEKKODIM51STedIIyKN.jpg)
ലൊസാനെ: 128 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് പോരാട്ടം വീണ്ടും ഒളിംപിക്‌സിലേക്ക് തിരിച്ചെത്തുന്നു. 2028ലെ ലോസ് ആഞ്ജലസ് ഒളിംപിക്‌സില്‍ ടി20 ക്രിക്കറ്റ് അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് ടീമുകള്‍ പങ്കെടുക്കുന്ന പോരാട്ടമായിരിക്കും അരങ്ങേറുകയെന്നാണ് സൂചന.
പുരുഷ, വനിതാ ടീമുകള്‍ സ്വര്‍ണ മെഡലിനായി മത്സരിക്കും. ഐസിസി റാങ്കിങില്‍ ആദ്യ അഞ്ച് റാങ്കിലുള്ള ടീമുകള്‍ക്കായിരിക്കും പ്രവേശനം. ക്രിക്കറ്റ് ഉള്‍പ്പെടുത്തിയാല്‍ ലഭിക്കുന്ന വരുമാനമാണ് അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിയെ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.
2024 പാരിസ് ഒളിംപിക്‌സിന്റെ ഇന്ത്യയിലെ ബ്രോഡ്കാസ്റ്റിങ് കരാര്‍ ഏതാണ്ട് 165 കോടിക്കാണ് നല്‍കിയിട്ടുള്ളത്. ക്രിക്കറ്റ് 2028ല്‍ ഉള്‍പ്പെട്ടാല്‍ ഇന്ത്യയില്‍ നിന്നു മാത്രം ബ്രോഡ്കാസ്റ്റിങിലൂടെ 1585 കോടിയായി മാറും.
ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താന്‍ ഐസിസി ഏറെ കാലമായി പരിശ്രമിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അരങ്ങേറിയ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റിനെ ഉള്‍പ്പെടുത്തിയിരുന്നു. ഈ നീക്കവും ഒളിംപിക്‌സ് വാതില്‍ തുറക്കുന്നതില്‍ നിര്‍ണായകമായി.