ഹരാരെ: സിംബാബ്വെയ്ക്കെതിരായുള്ള രണ്ടാം ഏക ദിനത്തിൽ പാക്കിസ്ഥാന് പത്തുവിക്കറ്റ് ജയം. സ്കോർ: സിംബാബ്വെ: 145/10 പാക്കിസ്ഥാൻ 148/0. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 32.3 ഓവറിൽ 145 റൺസിന് എല്ലാവരും പുറത്തായി.
33 റൺസ് നേടിയ ഡിയോൺ മയേഴ്സാണ് ടോപ് സ്കോറർ. ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച അബ്രാർ അഹമ്മദ് 4/33 പാക് ബൗളിംഗ് ആക്രമണത്തെ നയിച്ചത്. സലാം അലി അഘ മൂന്നും സെയ്ം അയൂബ് ഒരു വിക്കറ്റും വീഴ്ത്തി. ഓപ്പണർ സെയ്ം അയൂബിന്റെ മിന്നും പ്രകടനമാണ് പാക്കിസ്ഥാന് വിജയം അനായാസമാക്കിയത്.
അയൂബ് 62 പന്തിൽ പുറത്താകാതെ 113 റൺസ് നേടി. വെറും 53 പന്തിൽ കന്നി ഏകദിന സെഞ്ചുറിയിലെത്തിയ താരം ഒരു പാക് താരത്തിന്റെ ഏറ്റവും വേഗതയേറിയ മൂന്നാമത്തെ ഏകദിന സെഞ്ചുറിക്കും ഉടമയായി. 17 ബൗണ്ടറികളും മൂന്ന് സിക്സറുകളും അയൂബിന്റെ ബാറ്റിൽ നിന്ന് പിറന്നു.
48 പന്തിൽ 32 റൺസുമായി അബ്ദുള്ള ഷഫീഖ് മികച്ച പിന്തുണ നൽകി. സെഞ്ചുറിയും ഒരു വിക്കറ്റും വീഴ്ത്തിയ സെയ്ം അയൂബിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമും ഓരോ മത്സരം വിജയിച്ചു.