Advertisment

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 17ാം ഇരട്ട സെഞ്ച്വറി; ഏറ്റവും കൂടുതൽ ഇരട്ട സെഞ്ച്വറി നേടിയ താരങ്ങളിൽ നാലാമനായി ചേതേശ്വർ പൂജാര

New Update
F

മുംബൈ: ഝാർഖണ്ഡിനെതിരായ രഞ്ജി ട്രോഫിയിൽ സൗരാഷ്ട്രക്കായി ഇരട്ട സെഞ്ച്വറിയുമായി തിളങ്ങി ബാറ്റർ ചേതേശ്വർ പൂജാര. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പൂജാരയുടെ 17ാം ഇരട്ട സെഞ്ച്വറിയാണിത്.

Advertisment

356 പന്തിൽ 243 റൺസെടുത്ത് പുറത്താകാതെ നിന്നു. പൂജാരയുടെ തകർപ്പൻ പ്രകടനത്തിന്‍റെ ബലത്തിൽ സൗരാഷ്ട്ര ഒന്നാം ഇന്നിങ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 578 റൺസെടുത്ത് ഡിക്ലയർ ചെയ്തു. ഝാർഖണ്ഡിന്‍റെ ഒന്നാം ഇന്നിങ്സ് 142 റൺസിൽ അവസാനിച്ചിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഇരട്ട സെഞ്ച്വറി നേടിയ താരങ്ങളിൽ പൂജാര നാലാമതെത്തി. 

37 ഇരട്ട സെഞ്ച്വറികളുമായി ആസ്ട്രേലിയൻ ഇതിഹാസം ഡോൻ ബ്രാഡ്മാനാണ് ഒന്നാമത്. മുൻ ഇംഗ്ലീഷ് താരങ്ങളായ വാലി ഹാമണ്ട് (36 ഇരട്ട സെഞ്ച്വറികൾ), പാറ്റ്സി ഹെൻഡ്രെൻ (22) എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

പൂജാരയെ കൂടാതെ, മുൻ ഇംഗ്ലീഷ് താരങ്ങളായ ഹെർബർട്ട് സട്ട്ക്ലിഫ്, മാർക് രാംപ്രകാശ് എന്നിവരും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 17 ഇരട്ട സെഞ്ച്വറികൾ നേടിയിട്ടുണ്ട്. രഞ്ജിയിൽ പൂജാരയുടെ എട്ടാം ഇരട്ട സെഞ്ച്വറി കൂടിയാണിത്. ഒമ്പത് ഇരട്ട സെഞ്ച്വറികളുമായി പരാസ് ഡോഗ്രയാണ് ഒന്നാമത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മൂന്നു ട്രിപ്പ്ൾ സെഞ്ച്വറിയും പൂജാരയുടെ പേരിലുണ്ട്. 2013 ഒക്ടോബറിൽ വെസ്റ്റിൻഡീസ് എ ടീമിനെതിരെയാണ് അവസാനമായി താരം ട്രിപ്പ്ൾ സെഞ്ച്വറി നേടിയത്.

 

Advertisment