ദുബായ്: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് അടുത്തിരിക്കെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന് പരിക്ക്. ദുബായിലെ ഐസിസി അക്കാദമിയിലെ പരിശീലനത്തിനിടെ പന്തിന്റെ ഇടത് കാല്‍മുട്ടിന് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ കാറപകടത്തില്‍ താരത്തിന്റെ കാല്‍മുട്ടിന് പരിക്കേറ്റിരുന്നു. ഹര്‍ദിക് പാണ്ഡ്യ ബാറ്റ് ചെയ്തിരുന്ന നെറ്റിന് തൊട്ടടുത്തായിരുന്നു പന്ത്.
പരിക്കേറ്റ ഉടന്‍ നിലത്തുവീണ പന്തിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കാല്‍മുട്ടില്‍ ഐസിങ് നടത്തിയശേഷമാണ് പന്ത് എഴുന്നേറ്റത്. പിന്നീട് കാലില്‍ സ്ട്രാപ്പ് ധരിച്ചശേഷം പരിശീലനം മതിയാക്കി ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങി.
രണ്ടുതവണ ചാംപ്യന്‍സ് ട്രോഫി ജേതാക്കളായ ഇന്ത്യ ഫെബ്രുവരി 20-ന് ബംഗ്ലാദേശിനെതിരെയും 23-ന് പാകിസ്താനെതിരെയും ഇറങ്ങാനിരിക്കെയാണ് തിരിച്ചടിയായി പന്തിന് പരിക്കേല്‍ക്കുന്നത്. മാര്‍ച്ച് രണ്ടിന് ഗ്രൂപ്പ് എ-യില്‍ അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യ ഇറങ്ങുന്നത്.