5 സിക്‌സും 2 ഫോറും, 15 പന്തില്‍ 43 റണ്‍സ് അടിച്ചെടുത്ത് സഞ്ജു; ഛത്തീസ്ഗഢിനെതിരെ കേരളത്തിന് അനായാസ ജയം

New Update
SANJUU

ലഖ്‌നൗ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മൂന്നാം മത്സരത്തില്‍ വിജയം സ്വന്തമാക്കി കേരളം. ഛത്തീസ്ഗഢിനെ കേരളം അനായാസം വീഴ്ത്തി. 8 വിക്കറ്റ് വിജയമാണ് കേരളം ആഘോഷിച്ചത്. ജയത്തോടെ പട്ടികയില്‍ കേരളം മൂന്നാം സ്ഥാനത്തെത്തി.

Advertisment

ആദ്യം ബാറ്റ് ചെയ്ത ഛത്തീസ്ഗഢ് 19.5 ഓവറില്‍ 120 റണ്‍സില്‍ ഓള്‍ ഔട്ടായി. കേരളം 10.4 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 121 റണ്‍സെടുത്താണ് ജയം സ്വന്തമാക്കിയത്.

ഒരിക്കല്‍ കൂടി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍-രോഹന്‍ കുന്നുമ്മല്‍ സഖ്യം മിന്നും തുടക്കമാണ് നല്‍കിയത്. വെറും 4.2 ഓവറില്‍ സഖ്യം 72 റണ്‍സ് അടിച്ചൂകൂട്ടിയാണ് പിരിഞ്ഞത്.

സഞ്ജുവാണ് ടോപ് സ്‌കോറര്‍. താരം 15 പന്തില്‍ 5 സിക്‌സും 2 ഫോറും സഹിതം 43 റണ്‍സ് അടിച്ചെടുത്തു. രോഹന്‍ കുന്നുമ്മല്‍ 17 പന്തില്‍ 2 സിക്‌സും 3 ഫോറും സഹിതം 33 റണ്‍സും അടിച്ചു.

സല്‍മാന്‍ നിസാര്‍ (16), വിഷ്ണു വിനോദ് (14 പന്തില്‍ 2 സിക്‌സുകള്‍ സഹിതം 22) എന്നിവര്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ ജയത്തിലെത്തിച്ചു.

നേരത്തെ കെഎം ആസിഫ് കേരളത്തിനായി ബൗളിങ് തിരഞ്ഞെടുത്തു. 3 ഓവറില്‍ 16 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി താരം ഛത്തീസ്ഗഢിനെ ഒതുക്കാന്‍ മുന്നില്‍ നിന്നു. അങ്കിത് ശര്‍മ, വിഘ്‌നേഷ് പുത്തൂര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഷറഫുദ്ദിന്‍, എംഡി നിധീഷ്, അബ്ദുല്‍ ബാസിത് എന്നിവര്‍ ഒരോ വിക്കറ്റെടുത്തു. കേരളത്തിനായി പന്തെടുത്ത എല്ലാവരും വിക്കറ്റ് സ്വന്തമാക്കി.

ഛത്തീസ്ഗഢിനായി ക്യാപ്റ്റന്‍ അമന്‍ദീപ് സിങ് (41), സഞ്ജീത് ദേശായ് (35) എന്നിവരാണ് തിളങ്ങിയത്. ശശാങ്ക് ചന്ദ്രകര്‍ (17) ആണ് രണ്ടക്കം കടന്ന മറ്റൊരാള്‍.

Advertisment