കാൺപുർ: രാജ്യാന്തര ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലദേശ് താരം ഷാക്കിബ് അൽ ഹസൻ. ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി കാൺപൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുപ്പത്തേഴുകാരനായ താരം തന്റെ തീരുമാനം പ്രഖ്യാപിച്ചത്.
അടുത്ത മാസം മിര്‍പുരില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടക്കുന്ന ടെസ്റ്റോടെ വിരമിക്കണമെന്നാണ് ആഗ്രഹമെന്ന് ഷാക്കിബ് വ്യക്തമാക്കി. സ്വന്തം കാണികൾക്ക് മുന്നിൽ അവസാന മത്സരം കളിക്കുകയാണ് തന്റെ ആഗ്രഹം.
എന്നാൽ, സുരക്ഷാ ആശങ്കയെ തുടർന്ന് തന്റെ ആഗ്രഹം സഫലമായില്ലെങ്കിൽ വെള്ളിയാഴ്ച ഇന്ത്യയ്ക്കെതിരായ മത്സരത്തോടുകൂടി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്നും താരം കൂട്ടിച്ചേർത്തു.
ട്വന്റി-20 ലോകകപ്പോടെ രാജ്യാന്തര ട്വന്റി-20 ഫോർമാറ്റിൽനിന്ന് വിരമിച്ചതാണെന്നും ഷാക്കിബ് അറിയിച്ചു. 2025-ലെ ചാംപ്യൻസ് ട്രോഫിയോടെ ഏകദിന ക്രിക്കറ്റും മതിയാക്കുമെന്ന് താരം വ്യക്തമാക്കി.