ഡർബൻ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 233 റണ്‍സിന്റെ തകർപ്പൻ ജയം. സ്കോര്‍ ദക്ഷിണാഫ്രിക്ക:191, 366/5, ശ്രീലങ്ക: 42, 282. രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 103 റൺസെന്ന നിലയിലാണ് ലങ്ക നാലാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ചത്.
516 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ശ്രീലങ്കയ്ക്കായി ദിനേശ് ചണ്ഡിമലും ധനഞ്ജയ ഡി. സില്‍വയും കുശാല്‍ മെന്‍ഡിസും പൊരുതിയെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല. ചണ്ഡിമൽ (83) ധനഞ്ജയ ഡി. സിൽവ (59) കുശാൽ മെൻഡിസ് 48 റൺസും നേടി.
ദക്ഷിണാഫ്രിക്കയ്ക്കായി മാര്‍ക്കോ ജാൻസൻ നാലും റബാഡ, കോട്സി, മഹാരാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. മത്സരത്തിൽ പതിനൊന്ന് വിക്കറ്റ് വീഴ്ത്തിയ മാര്‍ക്കോ ജാൻസനെ കളിയിലെ താരമായി തെരഞ്ഞെടുത്തു. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-0 മുന്നിലെത്തി.
ഡർബൻ ടെസ്റ്റിലെ ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയയെ പിന്തള്ളി ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തേക്ക് കയറി. ഒമ്പത് ടെസ്റ്റില്‍ അഞ്ച് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമുള്ള ദക്ഷിണാഫ്രിക്ക 64 പോയിന്റും 59.26 പോയിന്റ് ശതമനാവുമായാണ് കുതിച്ചു കയറിയത്.
15 ടെസ്റ്റില്‍ ഒമ്പത് ജയവും അഞ്ച് തോല്‍വിയും ഒരു സമനിലയും അടക്കം 110 പോയിന്റും 61.11 പോയിന്റ് ശതമാവുമുള്ള ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ 13 കളികളില്‍ എട്ട് ജയവും നാലു തോല്‍വിയും ഒരു സമനിലയുമായി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഓസ്ട്രേലിയ 57.69 പോയിന്റ് ശതമാനവുമായി മൂന്നാം സ്ഥാനത്തായി.