ഡർബൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ തകർന്നടിഞ്ഞ് ശ്രീലങ്ക. സ്കോർ: ദക്ഷിണാഫ്രിക്ക 191, 132/3 ശ്രീലങ്ക 42/10. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 191 റൺസിന് എല്ലാവരും കൂടാരം കയറി. വൻ ലീഡ് ലക്ഷ്യമാക്കി ക്രീസിൽ ഇറങ്ങിയ ശ്രീലങ്കയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി കിട്ടി.
13.5 ഓവറിൽ വെറും 42 റൺസിന് ലങ്കയെ ദക്ഷിണാഫ്രിക്ക ചുരുട്ടികൂട്ടി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ശ്രീലങ്കയുടെ ഏറ്റവും മോശം സ്കോറാണിത്. 1994ൽ പാക്കിസ്ഥാനെതിരെ 71 റൺസിന് പുറത്തായ റിക്കാർഡാണ് ലങ്ക ഡർബനവിൽ തിരുത്തിയത്.
ദക്ഷിണാഫ്രിക്കയ്ക്കായി മാർക്കോ ജാൻസൻ ഏഴും ജെറാൾഡ് കോട്സെ രണ്ടും കഗീസോ റബാദ ഒരു വിക്കറ്റും വീഴ്ത്തി.
ലങ്കൻ ഇന്നിംഗ്സിൽ രണ്ടു പേർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 13 റൺസെടുത്ത കാമിന്ദു മെൻഡിസാണ് ടോപ് സ്കോറർ. അഞ്ച് പന്തിൽ രണ്ടു ഫോറുകൾ സഹിതം 10 റൺസുമായി പുറത്താകാതെ നിന്ന ലഹിരു കുമാരയാണ് രണ്ടക്കം കണ്ട മറ്റൊരാൾ. അഞ്ചുപേർ സംപൂജ്യരായി മടങ്ങി.
നേരത്തേ ക്യാപ്റ്റൻ തെംബ ബാവുമയുടെ(70) അർധ സെഞ്ചുറിയുടെ മികവിലാണ് ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്കോർ സ്വന്തമാക്കിയത്. അസിത ഫെർണാണ്ടോയും ലഹിരു കുമാരയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
രണ്ടം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക മൂന്നു വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് എന്ന നിലയിലാണ്. ദക്ഷിണാഫ്രിക്കയ്ക്ക് ഇപ്പോൾ 281 റൺസ് ലീഡായി.