/sathyam/media/media_files/2026/01/28/1769621498-2026-01-28-23-11-59.jpg)
വിശാഖപട്ടണം: ഇന്ത്യയ്ക്കെതിരായ ട്വന്‍റി-20 ക്രിക്കറ്റ് പരമ്പരയിലെ നാലാമത്തെ മത്സരത്തിൽ ന്യൂസിലൻഡിന് 50 റണ്‍സ് ജയം. ന്യൂസിലൻഡ് ഉയർത്തിയ 216 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 18.4 ഓവറിൽ 165 റണ്‍സിന് ഓൾഔട്ടായി. പരമ്പരയിലെ ന്യൂസിലൻഡിന്‍റെ ആദ്യ ജയമാണിത്.
ഇന്ത്യൻ നിരയിൽ ശിവം ദുബെയ്ക്കു മാത്രമാണ് തിളങ്ങാനായത്. 23 പന്തുകൾ നേരിട്ട ദുബെ ഏഴ് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 65 റണ്‍സാണ് അടിച്ചുകൂട്ടിയത്.
റിങ്കു സിംഗ് 30 പന്തിൽ 39 റണ്‍സും സഞ്ജു സാംസണ്‍ 15 പന്തിൽ 24 റണ്‍സും നേടി. രവി വിഷ്ണോയി പുറത്താകാതെ പത്ത് റണ്‍സെടുത്തു. ഇന്ത്യൻ നിരയിൽ മറ്റാർക്കും രണ്ടക്കം കാണാൻ കഴിഞ്ഞില്ല.
ന്യൂസിലൻഡിനായി മിച്ചൽ സാന്‍റ്നർ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇഷ് സൗധിയും ജേക്കബ് ഡഫിയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 215 റണ്‍സെടുത്തത്. മികച്ച തുടക്കമാണ് കിവീസിനായി ഓപ്പണറുമാരായ ഡെവണ്‍ കോണ്‍വേയും ടിം സീഫെർട്ടും ചേർന്ന് ഒരുക്കിയത്.
ഡെവൻ കോണ്‍വേ 23 പന്തിൽ മൂന്ന് സിക്സും നാല് ഫോറും ഉൾപ്പെടെ 44 റണ്‍സെടുത്തു. സീഫെർട്ട് 36 പന്തിൽ മൂന്ന് സിക്സും ഏഴ് ഫോറും ഉൾപ്പെടെ 62 റണ്‍സെടുത്താണ് മടങ്ങിയത്. രച്ചിൻ രവീന്ദ്രയെ (2) ബുംറ വേഗത്തിൽ മടക്കിയയച്ചു.
ഗ്ലെൻ ഫിലിപ്സ് 16 പന്തിൽ 24 റണ്‍സെടുത്താണ് മടങ്ങിയത്. ഡാരിൽ മിച്ചൽ പുറത്താകാതെ 18 പന്തിൽ 39 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി അർഷദീപ് സിംഗും കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us