ലാഗോസ്: അന്താരാഷ്ട്ര ട്വൻറി 20യുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്തായി ഐവറി കോസ്റ്റ്. ട്വന്റി 20 ലോകകപ്പ് യോഗ്യതക്കായുള്ള സബ് റീജനൽ ആഫ്രിക്ക ക്വാളിഫയർ ഗ്രൂപ്പ് സി മത്സരത്തിൽ നൈജീരിയയാണ് ഐവറികോസ്റ്റിനെ നാണംകെടുത്തിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത നൈജീരിയ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 271 റൺസ് നേടി. ഓപണർ സെലിൻ സാലുവിന്റെ വെടിക്കെട്ട് സെഞ്ചറിയുടെ (112) ബലത്തിലാണ് നൈജീരിയയെ കൂറ്റൻ കെട്ടിപ്പടുത്തത്. സുലൈമാൻ റൺസേവും (50), ഇസാക്ക് ഒക്പും(65) ഇന്നിങ്സിന് കരുത്തേകി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഐവറി കോസ്റ്റ് ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ നിലംപതിക്കുകകയായിരുന്നു. 7.3 ഓവറിൽ ഏഴ് റൺസെടുക്കുന്നതിനിടെയാണ് എല്ലാവരും പുറത്തായത്. നാല് റൺസെടുത്ത ഓപണർ ഔട്ടാറ മുഹമ്മദാണ് ടോപ് സ്കോറർ.
കഴിഞ്ഞ സെപ്റ്റംബറിൽ സിംഗപ്പൂരിനെതിരെ മംഗോളിയയും കഴിഞ്ഞ വർഷം സ്പെയിനെതിരെ ഐല്‍ ഓഫ് മാനും നേടി 10 റൺസായിരുന്നു ട്വന്റി 20യിലെ ഏറ്റവും കുറഞ്ഞ സ്കോർ. ഈ റെക്കോഡാണ് ഐവറികോസ്റ്റ് ഏഴ് റൺസെന്ന കുഞ്ഞൻ സ്കോറാക്കി ചുരുക്കി സ്വന്തം പേരിലാക്കിയത്.