യുകെ: ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന്റെ വീട്ടില്‍ മോഷണം. ഒക്ടോബര്‍ 17 ന് വ്യാഴാഴ്ച വൈകുന്നേരം നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ കാസില്‍ ഈഡന്‍ ഏരിയയിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് കവര്‍ച്ച നടത്തിയത്.
കവര്‍ച്ചക്കാര്‍ ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും വൈകാരിക മൂല്യമുള്ള തന്റെ നിരവധി സ്വകാര്യ വസ്തുക്കളുമായി രക്ഷപ്പെട്ടുവെന്ന് സ്റ്റോക്ക്സ് എക്സില്‍ കുറിച്ചു.
തന്റെ കുടുംബാംഗങ്ങളെ ആരെയും കവര്‍ച്ചക്കാര്‍ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെങ്കിലും, തന്റെ ഭാര്യയും രണ്ട് കൊച്ചുകുട്ടികളും വീടിനുള്ളിലായിരുന്ന സമയത്താണ് മോഷ്ടാക്കള്‍ എത്തിയതെന്നും സ്റ്റോക്‌സ് വെളിപ്പെടുത്തി.
സംഭവത്തെക്കുറിച്ച് അദ്ദേഹം അഗാധമായ ഉത്കണ്ഠ പ്രകടിപ്പിച്ചു. തന്റെ വീട്ടില്‍ നിന്നും മോഷണം പോയ ചില വസ്തുക്കളുടെ ഫോട്ടോകളും അദ്ദേഹം പുറത്തുവിട്ടു. മറ്റാരെങ്കിലും കണ്ടാല്‍ അവ തിരിച്ചറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഫോട്ടോ പുറത്തു വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ 17 വ്യാഴാഴ്ച വൈകുന്നേര, നോര്‍ത്ത് ഈസ്റ്റിലെ കാസില്‍ ഈഡന്‍ ഏരിയയിലുള്ള എന്റെ വീട്ടില്‍ മുഖംമൂടി ധരിച്ച കുറേ ആളുകള്‍ മോഷണം നടത്തി. ആഭരണങ്ങള്‍, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍, സ്വകാര്യ വസ്തുക്കള്‍ എന്നിവയുമായാണ് ഇവര്‍ രക്ഷപ്പെട്ടത്.
ആ ഇനങ്ങളില്‍ പലതിനോടും എനിക്കും എന്റെ കുടുംബത്തിനും വൈകാരിക മൂല്യമുണ്ട്. അവ വിലമതിക്കാനാകാത്തവയാണ്.
ഈ പ്രവര്‍ത്തി നടത്തിയവരെ കണ്ടെത്തുന്നതിന് എന്തെങ്കിലും സഹായത്തിനുള്ള അഭ്യര്‍ത്ഥനയാണിത്. ഈ കുറ്റകൃത്യത്തിന്റെ ഏറ്റവും മോശമായ കാര്യം എന്റെ ഭാര്യയും 2 കൊച്ചുകുട്ടികളും വീട്ടിലായിരിക്കുമ്പോള്‍ അവര്‍ ഇത് ചെയ്തു എന്നതാണ്. ഭാഗ്യവശാല്‍, എന്റെ കുടുംബത്തില്‍ ആരെയും അവര്‍ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല.
എന്നാല്‍ ഈ അനുഭവം അവരുടെ വൈകാരികവും മാനസികവുമായ അവസ്ഥയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും സ്റ്റോക്‌സ് എക്‌സില്‍ കുറിച്ചു.