അണ്ടർ-19 ലോകകപ്പ് സൂപ്പർ സിക്സിൽ ഇന്ത്യയ്ക്ക് കൂറ്റൻ ജയം.  സിംബാബ്‌വെയെ തകർത്തത് 204 റൺസിന്. നിർണായകമായത് വിഹാൻ മൽഹോത്രയുടെ സെഞ്ചുറിയും ബൗളർമാരുടെ തകർപ്പൻ പ്രകടനവും

New Update
1769530120

ബുലാവയോ: അണ്ടർ-19 ലോകകപ്പ് സൂപ്പർ സിക്സിൽ ആതിഥേയരായ സിംബാബ്‌വേയെ 204 റൺസിന് തകർത്ത് ഇന്ത്യ കരുത്തറിയിച്ചു. 

Advertisment

വിഹാൻ മൽഹോത്രയുടെ തകർപ്പൻ സെഞ്ചുറിയും ബൗളർമാരുടെ കൃത്യതയാർന്ന പ്രകടനവുമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. 

ഇന്ത്യ ഉയർത്തിയ 353 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വേ 37.4 ഓവറിൽ 148 റൺസിന് എല്ലാവരും പുറത്തായി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ഓപ്പണർ വൈഭവ് സൂര്യവംശിയും (52) ക്യാപ്റ്റൻ ആയുഷ് മാത്രെയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. സൂര്യവംശി വെറും 24 പന്തിൽ അർധസെഞ്ചുറി തികച്ചു. 

എന്നാൽ ഇടയ്ക്ക് ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകൾ വേഗത്തിൽ നഷ്ടമായെങ്കിലും വിഹാൻ മൽഹോത്രയും അഭിഗ്യാൻ കുണ്ടുവും (61) ചേർന്ന് ടീമിനെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. 107 പന്തിൽ 109 റൺസുമായി പുറത്താകാതെ നിന്ന വിഹാന്റെ ഇന്നിംഗ്സാണ് ഇന്ത്യൻ സ്കോർ 352-ൽ എത്തിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വേയ്ക്ക് തുടക്കം മുതലേ വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. 24 റൺസിനിടെ മൂന്ന് വിക്കറ്റുകൾ പിഴുത് ആർ.എസ്. അംബ്രീഷും ഹെനിൽ പട്ടേലും ഇന്ത്യയ്ക്ക് മേധാവിത്വം നൽകി. 

62 റൺസെടുത്ത ലീറോയ് ചിവൗല മാത്രമാണ് സിംബാബ്‌വേ നിരയിൽ അൽപ്പമെങ്കിലും പ്രതിരോധിച്ചത്. ആയുഷ് മാത്രെയും ഉദ്ധവ് മോഹനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ആതിഥേയരുടെ നട്ടെല്ലൊടിച്ചു. 

ഒടുവിൽ 142/4 എന്ന നിലയിൽ നിന്ന് വെറും 6 റൺസിനിടെ സിംബാബ്‌വേയുടെ അവസാന 6 വിക്കറ്റുകളും നിലംപൊത്തി.

Advertisment